സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
1573617
Monday, July 7, 2025 1:24 AM IST
മട്ടന്നൂർ: കൊതേരി നാഗവളവിൽ സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ കാറിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക മട്ടന്നൂർ കല്ലൂർ സ്വദേശിനി ലക്ഷ്മി പ്രസീതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഎസ്സി വിദ്യാർഥിനിയാണ് പരിക്കേറ്റ ലക്ഷ്മി. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
പരിക്കേറ്റ യുവതിയെ പിന്നാലെ എത്തിയ കണ്ണൂർ-മട്ടന്നൂർ റൂട്ടിലോടുന്ന പ്രസാദം ബസിൽ ചാലോട്ടെ സ്വകാര്യ ആശുപത്രിലെത്തിക്കുകയായിരുന്നു. തുടർന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ കാർ കണ്ടെത്താൻ മട്ടന്നൂർ പോലീസ് സിസിടിവി കാമറകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്. വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ച പ്രസാദം ബസ് ജീവനക്കാരെ മട്ടന്നൂർ പോലീസ് അനുമോദിച്ചു. എസ്ഐ സി.സി. ലിനേഷിന്റെ നേതൃത്വത്തിലായിരുന്നു അനുമോദനം.