പനയത്താംപറമ്പിൽ വീണ്ടും മാലിന്യ നിക്ഷേപം; പിഴ ചുമത്തി എൻഫോഴ്സ്മെന്റ് സ്ക്വാഡ്
1573612
Monday, July 7, 2025 1:23 AM IST
മട്ടന്നൂർ: കീഴല്ലൂർ, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പനയത്താംപറമ്പിൽ വീണ്ടും വ്യാപകമായ മാലിന്യ നിക്ഷേപം നടക്കുന്നതായ പരാതിയിൽ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. കീഴല്ലൂർ പഞ്ചായത്ത് പരിധിയിലെ മൊടക്കണ്ടി പ്രദേശത്ത് നടത്തിയ പരിശോധനയിൽ റോഡിൽ മാലിന്യങ്ങൾ തള്ളിയതിന് ഹോട്ടൽ നടത്തിപ്പുകാരന് പിഴ ചുമത്തി.
റോഡരികിലായി മാലിന്യ ചാക്കുകൾ നിക്ഷേപിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. പാൽ, ചായപ്പൊടി, ആട്ട, പാചക എണ്ണ തുടങ്ങിയവയുടെ കവറുകളാണ് ഭക്ഷണ അവശിഷ്ടം ഉൾപ്പെടെയുള്ള മറ്റു മാലിന്യങ്ങളോടൊപ്പം ചേർത്ത് ആറോളം ചാക്കുകളായി വഴിയരികിൽ തള്ളിയത്. മാലിന്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ സൂചനകളിൽ നിന്നാണ് കീഴല്ലൂരിലെ ഈറ്റില്ലം ഹോട്ടലിലെ മാലിന്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞത്.
ഹോട്ടലിന്റെ മുൻ നടത്തിപ്പുകാരനായ നാരായണന് പതിനായിരം രൂപ പിഴ ചുമത്തി. ചില സ്ഥാപനങ്ങളിൽ നിന്ന് ഹരിത കർമ സേനയ്ക്ക് തരംതിരിച്ച മാലിന്യം നാമമാത്രമായി നൽകുകയും മറ്റുള്ളവ തരം തിരിക്കാതെ അനധികൃത ഏജൻസികൾക്ക് പണം നൽകി കൈയൊഴിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
പരിശോധനയിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ കെ. സജിത, കെ.ആർ. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ. ദിജിൽ എന്നിവർ പങ്കെടുത്തു.