പെരുമ്പടവ് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഷോർട്ട് സർക്യൂട്ട്
1573893
Tuesday, July 8, 2025 1:19 AM IST
പെരുമ്പടവ്: പെരുമ്പടവ് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഷോർട്ട് സർക്യൂട്ട് മൂലം തീയും പുകയും ഉയർന്നത് ജനങ്ങളിൽ ഭീതി ഉണർത്തി. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. ബാങ്കിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഇന്ധനമടിക്കാൻ വന്ന ബസ് ജീവനക്കാരാണ് ബാങ്കിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഇവരുടെ അവസരോചിതമായി ഇടപെടലിൽ വൻദുരന്തം ഒഴിവായി.
ഇവർ പുക ഉയരുന്ന സ്ഥലം കണ്ടെത്തുകയും ബാങ്ക് കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകൾ പൊളിച്ച് ബാറ്ററിയുടെ സർക്യൂട്ടുകൾ വേർപെടുത്തുകയും ചെയ്തു. അപ്പോഴേക്കും ബാറ്ററികൾ നശിച്ചു പോയിരുന്നു. എന്നിരുന്നാലും മറ്റ് ഇലക്ട്രോണിക് സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ല.
ബാങ്കിനുള്ളിലും പ്രദേശമാകെയും പുക പടരുകയും രൂക്ഷമായ ദുർഗന്ധം വ്യാപിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് തടിച്ചു കൂടിയത്. 9.30 ഓടുകൂടി തളിപ്പറമ്പിൽനിന്ന് ഫയർഫോഴ്സും പെരിങ്ങോത്തു നിന്ന് പോലീസും എത്തിയെങ്കിലും സ്ഥിതി ശാന്തമായിരുന്നു. ബാങ്ക് ജീവനക്കാർ ഉൾപ്പെടെ ബാങ്കിനുള്ളിൽ കയറി പരിശോധന നടത്തിയതിനുശേഷമാണ് ബാറ്ററികൾക്ക് മാത്രമേ നാശം സംഭവിച്ചിട്ടുള്ളൂവെന്ന് വ്യക്തമാക്കിയത്.