വായ്പ തിരിച്ചുപിടിക്കൽ നടപടി ആരംഭിച്ചെന്ന് അഡ്മിനിസ്ട്രേറ്റീവ് സമിതി
1573889
Tuesday, July 8, 2025 1:19 AM IST
ഇരിട്ടി: കോളിത്തട്ട് സഹകരണബാങ്കിൽ വായ്പയിനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് ആറ് കോടിയോളം രൂപ. ബാങ്ക് നിക്ഷേപകർക്ക് നൽകാനുള്ളത് 15 കോടി. സിപിഎമ്മിന്റെ നിയന്ത്രണത്തിലായിരുന്ന കോളിത്തട്ട് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിട്രേറ്റർ ഭരണവും പിന്നീട് അഡ്മിനിസ്ട്രേറ്റീവ് സമിതിയും ഭരണം ഏറ്റെടുത്തിരുന്നു. ആറുമാസം കാലാവധിയുള്ള അഡ്മിസ്ട്രേറ്റീവ് സമിതിയാണ് വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ അഡ്മിനിസ്ട്രേറ്റർ ഭരണകാലത്തുതന്നെ വായ്പാ തുക തിരിച്ചുപിടിക്കാനുള്ള നിയമ നടപടികൾ ആരംഭിക്കുകയും 70 ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കുകയും ചെയ്തു.
വായ്പയിനത്തിൽ ആറു കോടിയോളം രൂപ പിരിഞ്ഞുകിട്ടാനുണ്ട്. വായ്പ കൊടുത്ത തുകയിൽ പലതും ബിനാമി വായ്പകളായ നിലയിൽ തിരിച്ചടവിന് സാധ്യതയില്ല. ബാങ്കിന്റെ ബാധ്യത നിക്ഷേപകരുടെ 15 കോടിയും ജില്ലാ ബാങ്കിന് നൽകാനുള്ള 12 കോടിയുമാണ്.
വായ്പാത്തുക മുഴുവൻ തിരിച്ചുപിടിച്ചാലും 21 കോടിയോളം രൂപ വീണ്ടും കണ്ടെത്തണം. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിക്ക് ഭരണം കൈമാറുന്നതുവരെയാണ് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ കാലാവധി.
നേരത്തെ അഡ്മിനിസ്ട്രേറ്റർ ഭരണസമയത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ആരും പത്രിക സമർപ്പിക്കാതെ വന്നതോടെ തെരഞ്ഞെടുപ്പ് നടന്നില്ല.
തുടർന്നാണ് അഡ്മിനിസ്ട്രേറ്റീവ് സമിതി അധികാരം ഏൽക്കുന്നത്. കോടികളുടെ സാമ്പത്തികത്തട്ടിപ്പിൽ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ട്.
ഇത്തരം ബാങ്ക് തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തേണ്ടത്. ഇതോടെ കോളിത്തട്ട് സഹകരണ ബാങ്കിലെ സാധാരണക്കാരായ നിക്ഷേപകർ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.