പച്ചത്തേങ്ങ സംഭരണം തുടങ്ങി
1573886
Tuesday, July 8, 2025 1:19 AM IST
ചെറുപുഴ: കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണ കേന്ദ്രം ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. കേരഫെഡ് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പച്ചത്തേങ്ങ സംഭരണകേന്ദ്രമാണ് ചെറുപുഴയിലേത്. ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. കേരഫെഡ് വൈസ് ചെയർമാൻ കെ. ശ്രീധരൻ, കെ.സി. രാമചന്ദ്രൻ, കെ. ലക്ഷ്മണൻ, ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ, അഭിലാഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ പുതിയ പാലത്തിന് സമീപത്തുള്ള പവൻ ബിൽഡിംഗിലാണ് പച്ചത്തേങ്ങ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. കർഷകരെ കബളിപ്പിച്ച് ലാഭം കൊയ്യുന്ന ഇടനിലക്കാരെ വിപണിയിൽനിന്ന് പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്ന് കേരഫെഡ് അധികൃതർ പറഞ്ഞു. സംഭരണകേന്ദ്രം എല്ലാ ദിവസവും പ്രവർത്തിക്കും.
ഇതിനുപുറമെ പച്ചത്തേങ്ങ സംഭരിക്കുന്ന ദിവസം തന്നെ പണം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ചെയർമാൻ പറഞ്ഞു. വിപണി വിലയെക്കാൾ കൂട്ടിയായിരിക്കും പച്ചത്തേങ്ങ സംഭരിക്കുന്നത്. കർഷകർ കേരഫെഡ് നൽകിയിട്ടുള്ള ഫോറത്തിൽ നൽകുന്ന തേങ്ങയുടെ അളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാട്സ് ആപ്പ് നമ്പരിൽ അയച്ചാൽ തേങ്ങ കൊണ്ടുവരേണ്ട തീയതി കർഷകരെ അറിയിക്കും.