ആറളത്ത് ആർആർടി എന്തെല്ലാം ചെയ്യണം....
1573926
Tuesday, July 8, 2025 1:50 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ വർധിച്ചു വരുന്ന വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ താത്കാലികമായി എത്തിയ ആർആർടി സംഘം ഇപ്പോൾ സ്ഥിരം ആസ്ഥാനം ഒരുക്കി ഫാം മേഖലയിൽ പ്രവർത്തിച്ചു വരികയാണ്.
ഊണും ഉറക്കവുമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർആർടിയെക്കുറിച്ച് പ്രദേശവാസികൾക്ക് നല്ല മതിപ്പാണ്. പുനരധിവാസ മേഖലയിൽ മരം മുറിച്ചുമാറ്റുന്നതു മുതൽ പൊട്ടിയ സോളാർ വേലി നേരെയാക്കുക, ആനയെ തുരത്തുക, രോഗികളെ ആശുപത്രിയിൽ എത്തിക്കുക, സമയം വൈകി എത്തുന്നവരെ വീടുകളിൽ എത്താൻ സഹായിക്കുക, പോലീസിന് ഉൾപ്പെടെ കാവൽ പോകുക ഇവയെല്ലാം യാതൊരു മടിയും കൂടാതെയാണ് ആർആർടി നിർവഹിക്കുന്നത്.
രാത്രിയായാൽ
ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ ലഭിക്കില്ല
രാത്രികാലങ്ങളിൽ ആർആർടി വാഹനം ഒഴികെ മറ്റ് വാഹങ്ങൾ ഒന്നും പുനരധിവാസ മേഖലയിലേക്ക് കടക്കാൻ ആരും ധൈര്യം കാണിക്കാറില്ല . ആശുപത്രി ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്ക് ജനങ്ങൾ ആശ്രയിക്കുന്നത് ആർആർടി വാഹനത്തെയാണ്.
കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട രോഗിയുമായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ ആർആർടി ജീവനക്കാർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തുനിന്ന ശേഷം രോഗിയെയും കൂടി തിരിച്ചു വീട്ടിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടായി. ഫാമിൽ രാത്രിയായാൽ സർവീസ് നടത്താൻ ആംബുലൻസ് ഇല്ല എന്നതും അടിയന്തര പ്രധാന്യം അർഹിക്കുന്ന കാര്യമാണ്.
ആറളം ഫാമിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കില്ലെന്നും രോഗിയെ തിരികെ കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതർ അറിയച്ചതോടെയാണ് ആർആർടിക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടായത്. ആനയിറങ്ങിയ സ്ഥലത്ത് അടിയന്തരമായി എത്തേണ്ടവർ ഇത്തരം ആശുപത്രി സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്.
ആർആർടി വാഹനം
ചെളിയിൽ താണു
ബ്ലോക്ക് ഒന്‍പതിൽ പ്ലോട്ട് നമ്പർ 430ന് സമീപം ആർആർടിയുടെ വാഹനം ചെളിയിൽ താഴ്ന്നു. വനം വകുപ്പിന്റെ മറ്റൊരു വാഹനം എത്തി കയർ കെട്ടി വലിച്ചാണ് ചെളിയിൽ താണ വാഹനത്തെ വെളിയിൽ എത്തിച്ചത്. പല സ്ഥലങ്ങളിലും മൺ റോഡുകളിലൂടെ വേണം സഞ്ചരിക്കാൻ. വാഹനം ചെളിയിൽ താഴ്ന്ന് മണിക്കൂറുകൾ എടുത്താണ് വാഹനം കയറ്റി തിരികെ എത്തുന്നത്. രാത്രിയിൽ ജീവൻ പണയം വച്ചാണ് ആർആർടി സംഘം ജോലിചെയ്യുന്നത്.
കാട്ടാന വീടിന്
മുകളിലേക്ക്
മരം തള്ളിയിട്ടു
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണം നിയന്ത്രണം ഇല്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി ബ്ലോക്ക് ഒന്‍പതിൽ കാളികയത്ത് പുഷ്പ രമേശിന്റെ വീടിന് മുകളിലേക്ക് കാട്ടാന പ്ലാവ് തള്ളിയിട്ടു. വീട്ടുമുറ്റത്ത് എത്തിയ ആന പ്ലാവിലെ ചക്ക പറിച്ചു തിന്ന ശേഷമാണ് പ്ലാവിനെ വീടിന് മുകളിലേക്ക് തള്ളിയിട്ടത്.
പിറ്റേന്ന് ആആർടി എത്തിയാണ് പ്ലാവ് മുറിച്ചു മാറ്റിയത്. ബ്ലോക്ക് ഒന്‍പതിൽ തന്നെ പ്ലോട്ട് നമ്പർ 448 ലെ കായ്ഫലമുള്ള തെങ്ങും ആന ചവിട്ടി മറിച്ചിട്ടു. ആർആർടി എത്തി മടങ്ങിയ ശേഷം രാത്രി 2.30 ഓടെയാണ് ആന വീണ്ടും എത്തി തെങ്ങ് നശിപ്പിച്ചത്. ബ്ലോക്ക് 13 ൽ സിനോജിന്റെ വീട്ടുമുറ്റത്തെ വാഴ നശിപ്പിച്ച ശേഷം സർവീസ് വയർ ഉൾപ്പെടെ ആന വലിച്ച് പൊട്ടിച്ചു.