അപകടസ്ഥിതിയിലായ കെട്ടിടം പൊളിച്ചു മാറ്റണം
1265760
Tuesday, February 7, 2023 11:18 PM IST
ചാത്തന്നൂർ: പോലീസ് സ്റ്റേഷന്റെ കിഴക്കുഭാഗത്ത് വലിയ പള്ളി റോഡിനോട് ചേർന്ന് പഴക്കമേറിയ കെട്ടിടം അടിത്തറ ഇളകി നിലംപൊത്താവുന്ന അവസ്ഥയിൽ. ഈ അവസ്ഥയിലായിട്ടും ഉത്തരവാദിത്വപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ചുറ്റുമതിൽ തന്നെ ഭിത്തിയാക്കി നിർമിച്ചതാണ് കെട്ടിടം. ഭിത്തിയും അടിത്തറയും തകർന്ന് റോഡിൽ പതിച്ചിരിക്കുകയാണ്.
ഇപ്പോൾ അടിത്തറയില്ലാതെയാണ് കെട്ടിടം നിൽക്കുന്നത്. ഏതുനിമിഷവും കെട്ടിടം തകർന്നു വീഴാം. സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും ഉടമസ്ഥനാരാണെന്നതിനെ പറ്റി നാട്ടുകാർക്കൊന്നും അറിയില്ല.
അപകടസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, പോലീസ് അധികാരികൾ എന്നിവർക്ക് കത്ത് നല്കിയതായി ചാത്തന്നൂർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് ജി. ദിവാകരൻ അറിയിച്ചു.