വന്യമൃഗ ശല്യത്തിന് അറുതിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കാനുറച്ച് കർഷകർ
1599121
Sunday, October 12, 2025 6:01 AM IST
കൊല്ലം: ദിവസങ്ങളും മാസങ്ങളും നീണ്ട പ്രയത്നത്തിനൊടുവിൽ ലഭിക്കുന്ന കാർഷിക വിളകൾ കാടിറങ്ങി വരുന്ന വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് നിസഹായതയോടെ നോക്കിനിൽക്കേണ്ടി വരുന്ന അവസ്ഥയിലാണ് കൊല്ലത്തെ മലയോര മേഖലയിലെ കർഷകഗ്രാമങ്ങൾ. പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിലെ മലയോരഗ്രാമങ്ങളിൽ പുലിപ്പേടി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ് .
പുലിശല്യം നേരത്തെ ഒറ്റപ്പെട്ട സംഭവമായിരുന്നു. ഇപ്പോഴാവട്ടെ മിക്കദിവസവും പുലിയെ കണ്ടതായി പലയിടത്തുനിന്നും അഭ്യൂഹമുയരുകയാണ്. കടമ്പുപാറ, മുള്ളുമല, ചെമ്പനരുവി പ്രദേശങ്ങളിൽ വളർത്തുനായ്ക്കളെ പുലിപിടിച്ചതായി ഈയിടെയാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്.
പിറവന്തൂരിലുള്ള കറവൂരിലെ ഒരു വീട്ടിലെ കിണറ്റിൽ പുലിവീണ സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസമാണ്. ചങ്ങാപാറയിലെ ഷീബയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീഴുന്നത്. രാവിലെ കിണറ്റിൽ നിന്നും വെള്ളം എടുക്കാൻ വന്ന വീട്ടുകാരാണ് പുലിയെ കാണുന്നത്. രാത്രി ഇരതേടിയുള്ള സഞ്ചാരത്തിനിടെ പുലി വീണതാകാമെന്നാണ് വനം വകുപ്പ് പറയുന്നത്.
പുലി കിണറ്റിൽ വീണിരുന്നില്ലെങ്കിൽ രാത്രിയിൽ ഉണ്ടാകാമായിരുന്ന ദുരന്തത്തെ ഓർത്ത് ഭയപ്പെടുകയാണ് ഗ്രാമീണർ. പ്രാഥമിക കൃത്യങ്ങൾക്കായി വീട്ടിൽ നിന്ന് രാത്രിയിൽ പുറത്ത് ഇറങ്ങുന്നവർ പുലിയുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. അത് കൊണ്ട് തന്നെ ഒരു വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസമാണ് ചങ്ങാപാറക്കാർക്കുള്ളത്.
ദിവസങ്ങൾക്ക് മുൻപാണ് കുളത്തുമൺ നന്ദിയാട്ട് തോമസ് ജോസഫിന്റെ കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണമുണ്ടാവുന്നത്. വിളവെടുക്കാൻ പ്രായമായ എഴുപത്തിയഞ്ച് മൂടിലധികം വാഴയാണ് കാട്ടാനകൾ ഇവിടെ മാത്രം നശിപ്പിക്കുന്നത്. കഴിഞ്ഞ മാസവും ഇതേ കൃഷിയിടത്തിൽ കാട്ടാനകൾ സംഹാര താണ്ഡവം ആടി കൃഷി നാശം ഉണ്ടാക്കി.
തണ്ണിത്തോട്, കൊക്കാത്തോട് മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നത്. വനാതിർത്തിയിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖ്യ ഉപജീവന മാർഗമാണ് കൃഷി. വാഴയും കപ്പയും കാച്ചിലും ചേനയും എല്ലാം വിളവെടുപ്പിന് പാകമാകുന്നതിന് മുൻപ് തന്നെ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിൽ പൊറുതി മുട്ടിയിരിക്കുകയാണ് ഇവിടത്തെ ജനങ്ങൾ.
ഇവരിൽ പലരും കൃഷി തുടങ്ങിയത് കാർഷിക ലോണുകളും മാറ്റ് വായ്പകളും എടുത്താണ്. കൃഷി ചെയ്ത് വിളകൾ വിറ്റു കിട്ടിയാൽ മാത്രമേ എടുത്ത വായ്പകൾ കർഷകർക്ക് തിരിച്ചടക്കാനാവൂ. എന്നാൽ വിളവെടുക്കാൻ പാകമാകുന്നതിന് മുൻപ് തന്നെ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു. ആന, കുരങ്ങ്, കാട്ടുപന്നി, മ്ലാവ് തുടങ്ങിയവയൊക്കെ ശല്യക്കാരായിരുന്നയിടങ്ങളിലേക്ക് പുലിക്കൂട്ടങ്ങൾ കൂടി ഇപ്പോൾ കടന്നു വരുകയാണ്.
ആനകുളത്ത് ആട്, പശു എന്നിവയെ പുലി കൊന്നതും വളർത്തുമൃഗങ്ങളെ പരിക്കേൽപ്പിച്ചതിനും പിറകെയാണ് പുലി വീട്ടിലെ കിണറ്റിൽ വീണ സംഭവം ഉണ്ടായിരിക്കുന്നത്. കറവൂർ മേഖലയിലും വളർത്തുമൃഗങ്ങളെ പുലിപിടിച്ചതായി നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.
മുള്ളുമല, പെരുന്തോയിൽ പ്രദേശങ്ങളിൽ ഒട്ടേറെ വളർത്തുനായ്ക്കളെ കാണാനില്ലാത്തത് പുലിയുടെ സാന്നിധ്യത്തിനു തെളിവാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ജനവാസമേഖലകളായ പുന്നല, കരിമ്പാലൂർ എന്നിവിടങ്ങളിൽ മാസങ്ങൾക്ക് മുൻപ് പുലിയെ കണ്ടത് ജനങ്ങളിൽ ഭീതി ഉണ്ടാക്കി. ഇവയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായില്ല.
പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിലെ പാറക്കൂട്ടത്തിൽ അഞ്ചു പുലികളെ നാട്ടുകാർ കണ്ടത് ആറ് മാസങ്ങൾക്ക് മുൻപായിരുന്നു. ഇവിടെ സ്ഥാപിച്ച കൂട്ടിൽ ഒരു പുലി വീണു. പള്ളിമുക്ക്, മാക്കുളം, കൂടൽമുക്ക്, പിടവൂർ മേഖലകളിലെ ജനവാസകേന്ദ്രങ്ങളിലും പുലിയെ കണ്ടതായി അഭ്യൂഹം പടർന്നെങ്കിലും വനം വകുപ്പ് അതൊന്നും സ്ഥിരീകരിച്ചില്ല.
വന്യ മൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് കർഷകൾക്ക് അർഹമായ നഷ്ട പരിഹാരം കിട്ടുന്നില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. വനംവകുപ്പ് വനാതിർത്തികളിൽ സ്ഥാപിച്ച സൗരോർജ വേലികളിൽ പലതും പ്രവർത്തനയോഗ്യമല്ല. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുകയല്ലാതെ കർഷകർക്ക് മറ്റു വഴികളില്ല.