പുലി ഭീതി ഒഴിയാതെ വനാതിർത്തി ഗ്രാമങ്ങൾ
1598849
Saturday, October 11, 2025 5:53 AM IST
പത്തനാപുരം: ഭീതി ഒഴിയാതെ ഒരു നാട്; ഇവിടെ പകൽ പോലും വന്യമൃഗങ്ങൾ കൂട്ടമായി സഞ്ചരിക്കുന്നു. കുട്ടികളെ സ്കൂളിൽ അയക്കാൻ ഭയക്കുകയാണ് മാതാ പിതാക്കൾ. പിറവന്തൂർ പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ ഉള്ളവർ തൊഴിലിടങ്ങളിലേക്ക് പോകാൻ കഴിയാതെ വിറങ്ങലിച്ചു കഴിയുകയാണ് .
കറവൂർ, കടശേരി, പെരുന്തോയിൽ, ചണ്ണക്കമൺ, ചെമ്പനരുവി, പത്തനാപുരം പഞ്ചായത്തിന്റെ ഭാഗമായ നെടുംപറമ്പ്, നടുമുരുപ്പ്, കുമ്പിക്കൽ തുടങ്ങിയ ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുൻപ് കാട്ടാനയുടെയും കാട്ടുപന്നിയുടെയും മലയണ്ണാന്റെയും ശല്യം മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പകൽപോലും ഇവിടെ സ്വൈര്യ വിഹാരം നടത്തുകയാണ്.
കൃഷിനാശം പതിവു പല്ലവി ആയിട്ട് നാളുകൾ ഏറെയായി. ഭൂരിഭാഗം ആളുകളും ഉപജീവനമാർഗം ആയിരുന്ന കൃഷി പോലും ഉപേക്ഷിച്ചിരിക്കുന്നു. മറ്റേതെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കാം എന്ന് കരുതുന്നവർക്കാവട്ടെ പുലി ഉൾപ്പടെയുള്ള വന്യമൃഗ ഭീഷണി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേഖലയിൽ മൂന്നു വളര്ത്തു നായ്ക്കളെയാണ് പുലി കടിച്ചു കൊന്നത്.
ഒരാഴ്ചയായി പുലിയെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരിൽ പലരും കാണുകയും ചെയ്തു. പരാതി ഉയരുമ്പോഴൊക്കെ വനപാലകർ സ്ഥലം സന്ദർശിക്കുമെങ്കിലും കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കിടങ്ങുകളോ സോളാർ ഫെൻസിങ്ങോ സ്ഥാപിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇക്കാര്യത്തിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
വളർത്തു നായയും പശുവുംആടുമൊക്കെ പുലിയുടെ ഭക്ഷണമാകുന്നത് പതിവ് സംഭവമാണ്. ഇതിനിടെയാണ് ഇന്നലെ ചാങ്ങപ്പാറയിൽ വീടിന്റെ കിണറ്റിനുള്ളിൽ പുലിയെ അകപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൂട്ടമായും ഒറ്റപ്പെട്ടും നിരവധി ആളുകൾ പുലിയെ കാണുകയും അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയുമായിരുന്നു.
വന്യമൃഗ ശല്യത്തിൽ നിന്നും ശാശ്വത പരിഹാരം കാണുന്നതിന് വനംവകുപ്പിന്റെയും പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവരുടെ കൃത്യമായ ഇടപെടീൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.