കലുങ്ക് അപകടാവസ്ഥയിൽ
1598263
Thursday, October 9, 2025 6:09 AM IST
കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വെണ്ടാർ - അരീക്കൽ കലുങ്ക് തകർച്ചയിൽ. അടിസ്ഥാനം ഇളകിയതിനാൽ ഏത് നിമിഷവും കലുങ്ക് തകർന്ന് നിലംപൊത്താവുന്ന അവസ്ഥയിലാണ്.
വെണ്ടാർ കോമളം ജംഗ്ഷനിൽ അരീക്കൽ ഭാഗം റോഡിൽ ശ്രീ വിദ്യാധിരാജ എൽ പി സ്കൂളിനടുത്താണ് തീർത്തും അപകടാവസ്ഥയിലുള്ള കലുങ്ക് സ്ഥിതി ചെയ്യുന്നത്. തോടിന് കുറുകെ ഉള്ള കലുങ്കിന് ചെറുപാലമെന്ന നിലയിൽ പണിതിരുന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിലാണ്.
കുറ്റിക്കാട് വളർന്ന് മൂടിയതിനാൽ കലുങ്കിന്റെ ഇളകിയ ഭാഗം പുറത്ത് കാണാനാവില്ല. ഭാരം കയറ്റിയ ലോറികളും സ്കൂൾബസുകളും ഇത് വഴി നിരന്തരം കടന്ന് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ കലുങ്ക് പൊളിഞ്ഞ് വലിയ അപകടത്തിനും സാധ്യത വർധിച്ചിട്ടുണ്ട്.
കലുങ്കിന് അര നൂറ്റാണ്ടോളം പഴക്കം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തകാലത്താണ് അടിസ്ഥാന കല്ലുകൾ ഇളകിത്തുടങ്ങിയത്. എൽ പി സ്കൂളിനോട് ചേർന്ന് ഇത്തരത്തിൽ വലിയ അപകടം പതിയിരിക്കുമ്പോഴും അധികൃതർ മൗനം പാലിക്കുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.