ഇസബെല്ലൻ നെന്മണിക്കുരുവി വിരുന്നെത്തി
1597999
Wednesday, October 8, 2025 6:24 AM IST
കൊല്ലം : കേരളത്തിൽ വളരെ അപൂർവമായി ദേശാടനത്തിനെത്തുന്ന ഇസബെല്ലൻ നെന്മണിക്കുരുവിയെ ജില്ലയിൽ കരുനാഗപ്പള്ളി വെള്ളനാതുരുത്തിൽ കണ്ടെത്തി. തെക്കൻ കേരളത്തിൽ ഈ പക്ഷിയെ രണ്ടാമത്തെ തവണയാണ് കണ്ടെത്തുന്നത്. ജില്ലയിൽ ആദ്യമായാണ് ഇസബെല്ലന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. പ്രകൃതി ഗവേഷണ സംഘടനയായ വാർബ്ളേർസ് ആൻഡ് വെയ്ഡേഴ്സിന്റെ ദേശാടനപക്ഷികളുടെ കണക്കെടുപ്പിലാണ് പക്ഷിയെ കണ്ടത്.ജില്ലയിൽ ആദ്യമായാണ് ഈ കുരുവിയെ കണ്ടെത്തുന്നത്. ഈ വർഷം വേനൽച്ചൂട് കൂടും എന്നതിന്റെ സൂചനയാണോ ഇതിന്റെ സാന്നിധ്യം എന്നു പക്ഷി ഗവേഷകർ സംശയിക്കുന്നു.
ഒൻപത് വർഷംമുൻപ് തിരുവനന്തപുരത്തെ പുഞ്ചക്കരിയിലാണ് തെക്കൻ കേരളത്തിൽ ഇസബെല്ലൻ നെന്മണിക്കുരുവിയെ ആദ്യമായി കാണുന്നത്. തെക്കുകിഴക്കൻ യൂറോപ്പ് മുതൽ മംഗോളിയവരെയുള്ള പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന ഇവ ശൈത്യകാലത്തിൽ ആഫ്രിക്കയിലേക്കും അറേബ്യൻ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ദേശാടനം ചെയ്യും.ഇന്ത്യയിൽ പടിഞ്ഞാറ്, മധ്യ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ സാധാരണയായി കാണാറുണ്ട്.
ദക്ഷിണേന്ത്യയിൽ വടക്കൻ കേരളത്തിൽ കണ്ണൂർ മാടായിപ്പാറയിൽ ഇവയെ പതിവായി ദേശാടനകാലത്ത് കാണാറുണ്ട്. നിലത്തു ഓടിനടന്നു പ്രാണികളെയും കീടങ്ങളെയും ആഹാരമാക്കുന്ന ഭക്ഷണരീതിയാണ് ഇവയ്ക്ക്. ഒരേ നിറവും വലുപ്പവുമായതിനാൽ ആൺ-പെൺ പക്ഷികളെ വേർതിരിച്ചറിയുക പ്രയാസമാണ്.
എപ്പോഴും ഓടിനടക്കുന്നതിനിടെ വല്ലപ്പോഴും മാത്രമേ മണൽത്തിട്ടകളിലോ പാറകളിലോ വിശ്രമിക്കാറുള്ളൂവെന്നതിനാൽ നിരീക്ഷകർക്ക് ഇവയെ കാമറയിൽ പകർത്തുക പ്രയാസമാണ്. ദേശാടനക്കാലത്ത് സാധാരണയായി തനിച്ചാണ് കാണാറുള്ളത്. മണ്ണിലെ മാളങ്ങളിലാണ് കൂട് നിർമിക്കുക.