തിരുമുക്ക് അടിപ്പാത സമരം : വിമുക്തഭടന്മാർ വീണ്ടും റിലേ സത്യഗ്രഹത്തിൽ പങ്കാളികളായി
1598006
Wednesday, October 8, 2025 6:34 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമര സമിതി 20 ദിവസമായി നടത്തി വരുന്ന റിലേ സത്യഗ്രഹ സമരത്തിൽ വിമുക്ത ഭടന്മാർ രണ്ടാമതും സമരയോദ്ധാക്കളായി . തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് തിരുമുക്ക് അടിപ്പാത സമരസമിതിയുടെനേതൃത്വത്തിൽ റിലേസത്യഗ്രഹ സമരം നടത്തിവരുന്നത്.സമരത്തിന്റെ ഇരുപതാം ദിവസം കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചാത്തന്നൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ സത്യഗ്രഹം അനുഷ്ടിച്ചു.
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചാത്തന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സത്യഗ്രഹം നടന്നത്. നാടിനെ സംരക്ഷിക്കാൻ പോരാടിയവർ നാടിന്റെ വികസനത്തിനായുള്ള പോരാട്ടത്തിൽ അണിചേർന്നു.കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് പ്രസിഡന്റ് എം.ശിവൻകുട്ടിപ്പിള്ള റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് ഗിവർഗീസ് അധ്യക്ഷതവഹിച്ചു. ചാത്തന്നൂർ പി.കെ.വിജയനാഥ്, താലൂക്ക് സെക്രട്ടറി ശരത്ചന്ദ്രൻ പിള്ള, പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി മധുസൂദനൻ നായർ, ട്രഷറർ സോമൻ പിള്ള, ചാത്തന്നൂർ മഹിളാ വിംഗ് സെക്രട്ടറി അംബികാ യശോധരൻപിള്ള, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ,ജോൺ ഏബ്രഹാം, വി.എ.മോഹൻലാൽ,കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചാത്തന്നൂർ യൂണിറ്റ് സെക്രട്ടറി സുഗുണൻ, ചാക്കോ ജോൺഎന്നിവർ പ്രസംഗിച്ചു.
സത്യഗ്രഹ സമരത്തിന്റെ ഇരുപത്തൊന്നാം ദിവസമായ ഇന്ന്ഡിവൈഎഫ്ഐ ചാത്തന്നൂർ മേഖലാ സെക്രട്ടറി അഭിലാഷ് എം.സജി സത്യഗ്രഹമനുഷ്ടിക്കും. ഡിവൈഎഫ്ഐ ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.ശരത് കുമാർ രാവിലെസത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ചാത്തന്നൂർ മേഖലാ കമ്മിറ്റി നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടത്തുന്നത്.
ധർണ നടത്തി
കൊല്ലം : ദേശീയപാത അഥോറിറ്റി ഓഫീസിനു മുമ്പിൽ തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ചാത്തന്നൂർ തിരുമുക്കിൽ ശാസ്ത്രീയമായ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് തിരുമുക്കിൽ 20 ദിവസമായിതിരുമുക്ക് അടിപ്പാത സമരസമിതി നടത്തുന്ന റിലേ സത്യഗ്രഹം നടത്തി വരികയാണ്.
ഈ സമരത്തിന്റെതുടർച്ചയായി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അഥോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ നടത്തിയത്. കൊല്ലം ജില്ലാ പഞ്ചായത്തുവൈസ് പ്രസിഡന്റ് ശ്രീജഹരീഷ് ധർണ ഉദ്ഘാടനം ചെയ്തു. ജനകീയ സമരം ഉന്നയിക്കുന്ന വിഷയത്തിൻമേൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും ശരിയായ പഠനം നടത്താതെ ദേശിയപാത അഥോറിറ്റി തയാറാക്കിയ വിശദ പദ്ധതി രേഖയിൽ പോരായ്മയുണ്ടായെന്നുംതെറ്റ് തിരുത്താൻ അഥോറിറ്റി തയാറാകണമെന്നും അവർ പറഞ്ഞു.
അടിപ്പാത സമരസമിതി ജനറൽ കൺവീനർ കെ.കെ. നിസാർ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ വികസന സമിതി ചെയർമാർ ജി. രാജശേഖരൻ, പരവൂർ പ്രൊട്ടക്ഷൻ ഫാറം കൺവീനർ അഡ്വ.സത്ജിത്, പരവൂർക്കാർ കൂട്ടായ്മ കൺവീനർ സന്തോഷ് പാറയിൽക്കാവ്, പരവൂർ യുവജനകൂട്ടായ്മ കൺവീനർ ഷൈൻ എസ്. കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.