ഡാഫിനി ടീച്ചർക്ക് അംഗീകാരങ്ങളുടെ പൂക്കാലം
1598259
Thursday, October 9, 2025 6:09 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം : കലാകാരിയാണ്. അധ്യാപനത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയാണ്. കുട്ടികളെയും സ്കൂളിനെയും ഒരു കാൻവാസിൽ പകർത്തി ചിത്രത്തിനു പൂർണത നൽകുകയാണ് ഈ അധ്യാപികയുടെ കടമ. അതുകൊണ്ടുതന്നെ നിലാവുപോലെ പ്രഭ ചൊരിഞ്ഞ കർമവഴികളിൽ അംഗീകാരമായി അവാർഡുകൾ ഡാഫിനി ടീച്ചറിനെ തേടിയെത്തുന്നു.
16 വർഷത്തെ അധ്യാപന കാലഘട്ടത്തിൽ സ്കൂളിനും വിദ്യാർഥികൾക്കും നേടി കൊടുത്ത അംഗീകാരങ്ങൾ കൂടി പരിഗണിച്ചാണ് പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്കൂൾ അധ്യാപിക ഡാഫിനി ജയിംസിന് അവാർഡുകൾ വന്നുചേരുന്നത്. കഠിനാധ്വാനത്തിന് ഉദാഹരണമാണ് ഈ ജീവിതം.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്ത്തനത്തിലൂടെ സ്കൂളിനും വിദ്യാഭ്യാസമേഖലയ്ക്കും കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ പുരോഗതിയും ഈ അധ്യാപിക ശ്രദ്ധിക്കുന്നുവെന്നതിന്റെ തെളിവാണ് അംഗീകാരം.
പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സുഗത വനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അധ്യാപക പുരസ്കാരവും ഡോ. എ.പി.ജെ. അബ്ദുൾ കലാം ബെസ്റ്റ് ടീച്ചർ അവാർഡും ഡാഫിനി ജയിംസിനാണ് ലഭിച്ചത്. പാലക്കാട് ജില്ലയിലെ വണ്ണാമട എന്ന ഗ്രാമീണമേഖലയിൽ ആണ് ടീച്ചർ അധ്യാപന ജീവിതം തുടങ്ങിയത്. അത് ആറുവർഷക്കാലം തുടർന്നു.
കൊല്ലം ജില്ലയിൽ ഒന്പതുവർഷത്തോളമായി സേവനം ചെയ്തുവരുന്നു. ചിത്രകാരി കൂടിയായ ടീച്ചർ കേരളത്തിനകത്ത് ഇരുപത്തഞ്ചോളം സ്കൂളുകളെ വർണങ്ങൾകൊണ്ട് അണിയിച്ചൊരുക്കി. സ്വന്തം സ്കൂളുകളിലെല്ലാം പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ വരച്ചു മനോഹരമാക്കി. അടച്ചുപൂട്ടൽ അവസ്ഥയിലായിരുന്ന വടക്കേവിള പഞ്ചായത്ത് എൽപി സ്കൂളിനെ ഉയർത്തിക്കൊണ്ടുവരുന്നതിൽ കഠിനാധ്വാനം ചെയ്തു.
വേറിട്ട ജൈവവൈവിധ്യ ഉദ്യാനം,ഏറുമാടം, പാവ നാടകങ്ങൾ, കേരളത്തിലെ അനുഷ്ഠാനകലകൾ, 80 ഏക്കറിൽ ഉൾപ്പെടെയുള്ള വിവിധ കൃഷികൾ, കുട്ടികൾക്കും പ്രദേശ നിവാസികൾക്കും കൈത്തൊഴിൽ ക്ലാസുകൾ,തീരദേശ ലൈബ്രറി പ്രവർത്തനങ്ങൾ, തെരുവുനാടകങ്ങൾ, എൻഎസ്എസ് ക്യാമ്പുകൾ, പ്ലാസ്റ്റിക് പുനരുപയോഗ നിർമ്മാണ പ്രവർത്തനങ്ങൾ, സ്കൗട്ട് തുടങ്ങി നൂറിൽപരം വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതും അവാർഡിന്റെ പരിഗണനയിലെത്തി. 2024 -25 ഇന്നവേറ്റീവ് പ്രവർത്തനം എന്ന നിലയിൽ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായി കലാ കൈത്തൊഴിൽ പഠനപ്രവർത്തന ക്ലാസുകൾ തുടങ്ങിവച്ചു.
സ്റ്റേറ്റ് തലത്തിൽ അധ്യാപകർക്കായുള്ള പഠനോപകരണ ശില്പശാല ക്യാമ്പുകൾ, ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ നേടിയെടുത്തിട്ടുള്ള ഓവറോൾ ട്രോഫികൾ ഇവയൊക്കെ ടീച്ചറുടെ നേട്ടങ്ങളാണ്.
2022 -23ലെ കേരള സ്റ്റേറ്റ് പിടിഎ അവാർഡ്, നേഷൻബിൽഡർ അവാർഡുകൾ, ചിത്രകല അവാർഡുകൾ, മലയാള മനോരമ നല്ല പാഠം അവാർഡ്, ഹ്യൂമൻ റൈറ്റ്സിന്റെ ബെസ്റ്റ് ടീച്ചർ അവാർഡ് തുടങ്ങി 25 ഓളം പുരസ്കാരങ്ങളും ആദരവുകളും ടീച്ചർക്കു ലഭിച്ചിട്ടുണ്ട് 2024ലെ ദേശീയ അധ്യാപക അവാർഡിനു കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അവാർഡിനർഹരായ ആറു പേരിൽ ഒരാളായിരുന്നു ടീച്ചർ.
2024 25 ഗുരുശ്രേഷ്ഠപുരസ്കാരവും ലഭ്യമായി. ടിടിസി, ബിഎഡ് ,ബിരുദാനന്തര ബിരുദം, എച്ച് എം ടെസ്റ്റും ഒക്കെ പാസായ ടീച്ചർക്ക് ഏതെങ്കിലും ഒരു കേരളീയ കലയിൽ പി എച്ച് ഡി ചെയ്യണമെന്നാണ് ആഗ്രഹം. കൊല്ലം തങ്കശേരിയിൽ ജയന്തി വിലയിൽ പരേതരായ ജയിംസിന്റെയും രമണിയുടെയും ഏക മകളാണ്. ഏക മകൻ ആദി ഏഴാം ക്ലാസിൽ പഠിക്കുന്നു.