വഴിയോരക്കച്ചവടം നിയന്ത്രിക്കുക; പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി
1598264
Thursday, October 9, 2025 6:09 AM IST
ചാത്തന്നൂർ: വഴിയോര കച്ചവടം നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി - വ്യവസായി സമിതി ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്തു ലൈസൻസ് എടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾക്കു മുൻപിൽ വാഹനങ്ങൾ നിർത്തി സാധങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ടുപോയി ഫൈൻ ചുമത്തുന്നതു ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
എൻ എച്ച് 66 നിർമാണം മൂലം മൂന്നു വർഷങ്ങളായി സുഗമമായ സഞ്ചാരപാതയില്ലാതെ വ്യാപാരികൾ കച്ചവടമാന്ദ്യം നേരിടുന്നവരാണ്. ഈ അവസരം മുതലെടുത്ത് വഴിവാണിഭക്കച്ചവട ലോബികൾ ഓരോ വഴികളിലും ഏജൻറുമാരെ നിയോഗിച്ചു വാഹനങ്ങളിലും തെരുവിലും കച്ചവടം നടത്തി നാട്ടിലെ ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് ഇല്ലാതാക്കുകയാണെന്നും പഞ്ചായത്തു പരിധിയിലുള്ള എല്ലാ വഴിവാണിഭക്കാരെയും ഒരു കേന്ദ്രത്തിൽ എത്തിച്ചു നിയമ വിധേയമായി കച്ചവടം ചെയ്യാൻ വേണ്ട നടപടി ഗ്രാമ പഞ്ചായത്തു ഭരണ സമിതി ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വ്യാപാരി വ്യവസായ സമിതി സംസ്ഥാന സമിതി അംഗം കെ.കെ.നിസാർ ഉദ്ഘാടനം ചെയ്തു.
സമിതി ഏരിയ പ്രസിഡന്റ് ജയചൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജി. പി.രാജേഷ്, ശീമാട്ടി യൂണിറ്റ് സെക്രട്ടറി അജിത്ത്, അനസ്, ബിനു എന്നിവർ പ്രസംഗിച്ചു.