സീബ്രാ ലൈനുകൾ കാണാനില്ല : നഗരത്തിൽ അപകടങ്ങൾ തുടർക്കഥകളാവുന്നു
1598450
Friday, October 10, 2025 5:01 AM IST
കൊല്ലം: ജില്ലാ ആസ്ഥാനത്ത് റോഡിലെ സീബ്രാ ലൈനുകൾ മിക്കയിടത്തും കാണാനില്ല. നിത്യവും ഒട്ടനവധി അപകടങ്ങളാണ് ഇത് വരുത്തിവയ്ക്കുന്നത്. ജില്ലാ കളക്ടറേറ്റിന് സമീപം പഴയ കനറാ ബാങ്കിന്റെ ഭാഗത്ത് സീബ്രാ ലൈനുകൾ പോയിട്ട് റോഡുകൾ പോലും പലയിടത്തും കാണാനില്ല. കാവനാട് റൂട്ടിലും കുണ്ടറ റോഡിലും സ്ഥിതി വിഭിന്നമല്ല. ഹൈവേയുടെ പണി നടക്കുന്നതിനാൽ കൊട്ടിയം റൂട്ടിലും ഇതേ അവസ്ഥ തന്നെ.
ചിന്നക്കടയിൽ തിരക്കേറിയ ഇടങ്ങളിൽ സീബ്രാ ലൈനുകൾ മാഞ്ഞു പോയി. മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ട്രാഫിക് പോലീസും പൊതുമരാമത്ത് വകുപ്പും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ജീവൻ പണയം വച്ച് കാൽനടയാത്രക്കാർ റോഡിന്റെ കുറുകെ കടക്കുന്നത്. കാൽനടയാത്രക്കാർ നേരിടുന്ന അപകടഭീഷണി മരാമത്ത് വകുപ്പ് അവഗണിക്കുക്കുകയാണ്. കടപ്പാക്കട ഭാഗത്തും കൊട്ടിയം റൂട്ടിലും അഞ്ചാലും മൂട് റൂട്ടിലും ബീച്ച് റോഡിനും കച്ചേരിമുക്കിലും ഇത് തന്നെയാണ് സ്ഥിതി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഭാഗത്ത് സീബ്രാ ലൈനുകൾ മാഞ്ഞു പോയിരിക്കുന്നു.
സീബ്രാ ലൈനുകൾ മാഞ്ഞു പോയത് കാരണമാണ് അപകടങ്ങൾ ഉണ്ടാവുന്നത്. പ്രധാന നഗരങ്ങളിൽ പോലും ഇക്കാര്യത്തിൽ അധികൃതർ ശ്രദ്ധിക്കുന്നില്ല എന്ന് പറയുമ്പോൾ മറ്റിടങ്ങളിലെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. കെഎസ്ആർടിസി ജംഗ്ഷനിലെ പ്രൈവറ്റ് ബസ് സ്റ്റോപ്പിൽ വാഹനങ്ങൾക്ക് പിന്നിൽ വാഹനം ഇടിച്ചുണ്ടാവുന്ന അപകടങ്ങൾ നിരവധിയാണ്. മിക്ക ദിവസങ്ങളിലും ആശു പത്രി ഭാഗത്ത് ട്രാഫിക് പോലീസ് ഉണ്ടാകാറില്ല.
കുണ്ടറ, മയ്യനാട്, കൊട്ടിയം, പോളയത്തോട്, റൂട്ടുകളിലേക്കുള്ള വാഹനങ്ങൾ ചിന്നക്കട വഴിയാണ് പോകുന്നത്. രാവിലെയും വൈ ുന്നേരത്തും ചിന്നക്കട തിരക്കിലാവുമ്പോഴാണ് കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടു അനുഭവിക്കുന്നത്. രാവിലെ മുതൽ വിവിധ റൂട്ടുകളിൽ ഓടുന്ന 120 ഓളം സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും ഈ റൂട്ടുകളിൽ തന്നെയാണ് ഓടുന്നത്. ചിന്നക്കട വഴിയാണ് അവ കടന്നു പോകുന്നത്. പ്രായമായവരും കുട്ടികളുമാണ് ഇത് മൂലം ദുരിതത്തിലാകുന്നത്.
ഗുണനിലവാരം കുറഞ്ഞ പെയിന്റ് കൊണ്ട് ലൈനുകൾ വരയ്ക്കുന്നതിനാലാണ് വേഗത്തിൽ മാഞ്ഞുപോകുന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കാൽനടക്കാരെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക, വാഹനങ്ങൾ കാൽനടയ്ക്കുള്ള മുൻഗണന നൽകാൻ നിർബന്ധിക്കുക, ട്രാഫിക് നിയന്ത്രണം സുഗമമാക്കുക എന്നിവയാണ് സീബ്രാ ലൈനുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. സീബ്രാ ലൈൻ (സീബ്രാ ക്രോസിംഗ്) കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സുരക്ഷിത ഇടമാണ്.
ഇത് റോഡിൽ വെളുത്ത-കറുത്ത സമാന്തര വരകളായി വരച്ചിടുകയാണ് പതിവ്. സീബ്രാ ലൈൻ കണ്ടാൽ വാഹനങ്ങൾ നിർത്തി കാൽനടക്കാരായ യാത്രക്കാരെ കടക്കാൻ ഇടവരുത്തണം. റോഡിലെ സീബ്രാ ലൈൻ കാണുപ്പോൾ എത്രമാത്രം സുരക്ഷിതമാണെന്ന തോന്നലുകളൊന്നും കൊല്ലം നഗരത്തിലെ യാത്രക്കാർക്ക് ഇപ്പോൾ ഇല്ല. നഗരം കാൽനടയാത്രക്കാരെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
അതേസമയം സീബ്രാലൈനുകളുടെ വിസിബിലിറ്റിയും വ്യക്തത ഉള്ളതായിരിക്കണമെന്നുണ്ട്. വെളുത്ത - കറുത്ത കൺട്രാസ്റ്റ് നിറങ്ങളിലാണ് ഇത് രേഖപ്പെടുത്തേണ്ടത്. റോഡിന്റെ രണ്ടുവശങ്ങളിൽ നിന്ന് ജനങ്ങൾക്ക് ഇത് വ്യക്തമാവണം. ആവശ്യാനുസരണം ലൈറ്റുകൾ ഉപയോഗിച്ച് സീബ്രാ ലൈൻ വ്യക്തമാക്കപ്പെടുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുക കൂടിയാണ്.