ഇനി ‘കൂൾ’ അങ്കണവാടി
1598455
Friday, October 10, 2025 5:01 AM IST
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ രണ്ടാം നമ്പർ അങ്കണവാടി ഇനി സാധാരണ അങ്കണവാടിയല്ല. എസിയുടെ സുഖശീതളിമയിലായിരിക്കും കുഞ്ഞു ബാല്യങ്ങളുടെ പഠനവും കുസൃതിത്തരങ്ങളും.കുടിക്കാൻ തണുത്ത വെള്ളത്തിന് ഫ്രിഡ്ജ്. ഈ അങ്കണവാടിയുടെ ലെവൽ വേറെ തന്നെ. മറ്റ് അങ്കണവാടികൾക്ക് അസൂയ ജനിപ്പിക്കുവാനുതകുന്ന തരത്തിൽ ഇത് മേലേയ്ക്ക്.
അങ്കണവാടിയിലെ ആധുനിക സൗകര്യങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിർവഹിച്ചു. ക്ലാസ് മുറികൾ ആധുനികവത്കരിക്കുന്നതോടൊപ്പം കുഞ്ഞുമനസുകളുടെ വീടും കളിയിടവുമായ അങ്കണവാടികൾ ശീതീകരിക്കുകയും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് പ്രശംസനീയമാണെന്നും അവർ പറഞ്ഞു.
പഞ്ചായത്തംഗത്തിന്റെയും അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി ( എഎൽഎംഎസ്സി ) യുടെയും ശ്രമഫലമായി സ്വരൂപ്പിച്ച തുക ഉപയോഗിച്ച് വാങ്ങിയതാണ് എസിയും ഫ്രിഡ്ജും. പഞ്ചായത്ത് അംഗം പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മാരായ ബിന്ദു ഷിബു, ശ്രീലാൽ ചിറയത്ത്, സിഡിപിഒ കവിത, ജാഗ്രത സമതി കൺവീനർ കെ. രമേശൻ, മുൻ പഞ്ചായത്തംഗം റോയ്സൺ, സിഡിഎസ് മെമ്പർ ആർ. കലജാദേവി, ഐസിഡിഎസ് സൂപ്പർവൈസർമാരായ നജീമ, ഷീബ, അങ്കണവാടി വർക്കർ സരിത, ഹെൽപർ സന്ധ്യ എന്നിവർ പ്രസംഗിച്ചു.