സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് 99.99 ലക്ഷം രൂപയുടെ ഭരണാനുമതി
1598456
Friday, October 10, 2025 5:01 AM IST
കുണ്ടറ: കുണ്ടറ നിയോജകമണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊറ്റങ്കര പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുളള ഗോപികാ സദനം ഗവ. എല്‍പി സ്കൂളിന് കെട്ടിടം നിര്‍മിക്കുന്നതിനായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025-26 പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിപ്പിച്ചാണ് 99.99 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയെടുത്തതെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ അറിയിച്ചു. 80 വര്‍ഷം പഴക്കമുള്ള സ്കൂളിന് ആരംഭകാലത്തുളള കെട്ടിടങ്ങളാണ് നിലവിലുളളത്.
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ ആവശ്യകത മനസിലാക്കിയാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതെന്നും എംഎല്‍എ അറിയിച്ചു.
കുണ്ടറ നിയോജകമണ്ഡലത്തിലെ കുണ്ടറ, പെരിനാട്, ഇളംമ്പള്ളൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര എന്നീ പഞ്ചായത്തുകളിലെ എട്ട് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ ഫണ്ടുകളില്‍ നിന്നും എട്ടുകോടി രൂപ ചെലവഴിച്ച് ഭരണാനുമതി നേടിയെടുത്തതായും എംഎല്‍എ അറിയിച്ചു.