സിപിഎമ്മിലെ വിഭാഗീയത: കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരേ നടപടിക്കു സാധ്യത
1598005
Wednesday, October 8, 2025 6:34 AM IST
കരുനാഗപ്പള്ളി: സിപിഎം സംഘടനാ സമ്മേളനങ്ങളിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ അന്വേഷണ കമ്മിറ്റി കണ്ടെത്തിയ ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം 32 പേർക്കെതിരേ നടപടിക്കു ശുപാർശ ചെയ്തു. വിഭാഗീയത പ്രകടമായ എല്ലാ ലോക്കൽ കമ്മിറ്റികളായ കല്ലേലിഭാഗം, തൊടിയൂർ, പടിഞ്ഞാറ്, കുലശേഖരപുരം നോർത്ത് ആലപ്പാട് നോർത്ത് , എന്നീ ഏരിയ കമ്മിറ്റികളിൽ ഉൾപ്പെട്ടവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ചില നേതാക്കളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ പാർട്ടി രണ്ടു ചേരിയായി പ്രവർത്തിച്ചതായാണ് പ്രാഥമികമായ അന്വേഷണത്തിൽ കണ്ടെത്തിയത് . ഇതിന്റെ അടിസ്ഥാനത്തിൽ സംഘടനാ നടപടിക്കു വിധേയരായ അംഗങ്ങളുടെ ഏരിയ കമ്മിറ്റികളിൽ സംസ്ഥാന ,ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അഭിപ്രായങ്ങൾ തേടി .
ലോക്കൽ സമ്മേളനം നടത്താനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പുട്ടിയിടുകയും പാർട്ടി ഓഫീസിലേക്കു പ്രകടനം നടത്തുകയും ചെയ്ത സംഭവത്തിലാണ് നടപടി ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ ഏഴു ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾ പ്പെടുന്നുണ്ട്. കല്ലേലി ഭാഗത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് മാത്യു, തൊടിയൂരിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എം .ശിവശങ്കരപ്പിള്ള, ആലപ്പാട്, ജില്ലാ സെക്രട്ടറിയേറ്റംഗം കെ. സേതുമാധവൻ, കുലശേഖരപുരം സംസ്ഥാന കമ്മിറ്റി അംഗം എസ്.ജയമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് അതാത് ഏരിയകളിൽ അഭിമുഖം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അംഗങ്ങൾക്കെതിരേയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുക.
ഇതിനു ശേഷം ലോക്കൽ ഏരിയ കമ്മിറ്റികൾ പുനസംഘടിപ്പിക്കും.കരുനാഗപ്പള്ളിയി ലെ വിഭാഗീയത സംബന്ധിച്ച അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോർട്ട് പൂർണമല്ലെന്നു വിലയിരുത്തിയതിനാൽ ഒരാഴ്ചയ്ക്കകം നേതാക്കളുടേതടക്കമുള്ള പങ്കിനെപ്പറ്റി വിശദമായ റിപ്പോർട്ട് തയാറാക്കി നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ കൊല്ലത്തു നടത്തിയ ചർച്ചയിലാണ് ഉടൻ പുന:സംഘടിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. ഏരിയ സെക്രട്ടറിയായി പുറത്തു നിന്നുള്ള ഒരാളെ പരിഗണിച്ചേക്കാം എന്ന റിപ്പോർട്ടുകളും ഉണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പ് അടുത്തു വന്ന സാഹചര്യത്തിൽ കമ്മിറ്റികൾ തീരുമാനങ്ങൾ ഉടൻ പുന:സ്ഥാപിക്കും.