130 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1598002
Wednesday, October 8, 2025 6:34 AM IST
കൊട്ടിയം: മയ്യനാട് കൂട്ടിക്കടയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 120 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. പിക്കപ്പ് വാനിൽ വിൽപ്പനക്കായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.ശംഭു ഹാൻസ് ,കൂൾ, ഗണേഷ് ,ഇനത്തിൽപ്പെട്ട 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 1200 കിലോഗ്രാമിലേറെ വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണ് ഇത്.
കൂട്ടിക്കട റെയിൽവെ ഗേറ്റിന് സമീപത്തുനിന്നാണ് ചാത്തന്നൂർഎക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വി.കെ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് കൊല്ലം വടക്കേവിള അയത്തിൽ തൊടിയിൽ വീട്ടിൽ അൻഷാദ് ( 32 )എന്ന ആളെ പിടികൂടി കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നിഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷെഹിൻ, മുഹമ്മദ് സഫർ ,അർജുൻ, സിജു രാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ എക്സൈസ് നടത്തുന്ന ഏറ്റവും വലിയ പാൻ മസാല വേട്ടയാണിത്.
കുണ്ടറ : 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി കുണ്ടറയിൽ വയോധികൻ പിടിയിൽ. ഓട്ടോ ഡ്രൈവർ മുളവന പൊട്ടിമുക്ക് വിജേഷ് ഭവനിൽ ഐ ആർ എട്ട് എന്ന് വിളിപ്പേരുള്ള വിജയരാജൻ (59) ആണ് അറസ്റ്റിലായത്.
ഇയാൾ ലഹരി വസ്തുക്കൾ വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു . കഴിഞ്ഞദിവസം പോലീസ് നടത്തിയ അന്വേഷണത്തിൽ ഒന്ന് രണ്ട് വിദ്യാർഥികളിൽ നിന്നുംകഞ്ചാവ് പിടികൂടിയിരുന്നു.
ഇത് ലഭിച്ചത് വിജയരാജനിൽനിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ചോദ്യം ചെയ്തതോടെ ഓട്ടോയിൽ നിന്നും കടയുടെ പിറകിലുള്ള ഷെഡിൽ നിന്നുമായി പത്തോളം ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടുകയായിരുന്നു. മാർക്കറ്റിൽ മൂന്നു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
എസ് ഐ അഖിൽ വസന്തിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷാനവാസ് സിപിഒ മാരായ അരുൺ വിഷ്ണുരാജ്, റിയാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.