ബിഎസ്എൻഎൽ 4-ജി ടവറുകൾ എട്ടുമാസത്തിനുള്ളിൽ 5-ജിയിലേക്ക്
1598001
Wednesday, October 8, 2025 6:24 AM IST
പരവൂർ: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ അവരുടെ രാജ്യത്തെ എല്ലാ 4- ജി ടവറുകളും എട്ട് മാസങ്ങൾക്കുള്ളിൽ 5- ജി ആയി അപ്ഗ്രേഡ് ചെയ്യും. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച 92,500 ടവറുകളാണ് വരുന്ന ആറു മുതൽ എട്ടുമാസത്തിനിടെ 5- ജിയിലേക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുള്ളത്.
മാത്രമല്ല കമ്പനി 5,000 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടിക്കഴിഞ്ഞു. സെപ്റ്റംബർ 27 നാണ് 92, 500 ബിഎസ്എൻഎൽ 4- ജി ടവറുകൾ പൂർണമായും പ്രവർത്തനക്ഷമമായത്. ഒക്ടോബർ ഒന്നിന് ബിഎസ്എൻഎൽ രാജ്യത്ത് 25 വർഷത്തെ സേവനം പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 2,300 കോടി രൂപമായിരുന്നു.
ഇതാണ് നടപ്പ് സാമ്പത്തിക വർഷം ഇരട്ടിയിലധികം വർധനയോടെ 5,000 കോടിയായി ഉയർന്നത്. ഇക്കാലയളവിൽ വരിക്കാരുടെ എണ്ണവും 8.7 കോടിയിൽ നിന്ന് 9-1 കോടിയായി വർധിച്ചു.
രാജ്യത്തുടനീളം ഏകദേശം 22 ദശലക്ഷം ആൾക്കാർക്ക് ബിഎസ്എൻഎൽ സേവനം നൽകുന്നുണ്ട്. അതേ സമയം ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറും ബിഎസ്എൻഎൽ അവതരിപ്പിച്ചു.
നെറ്റ്വർക്ക് ഇല്ലെങ്കിലും വോയ്സ് കോളുകൾ ചെയ്യാൻ കഴിയുന്ന വോയ്സ് ഓവർ വൈ- വൈ സേവനമാണ് കമ്പനി പുതുതായി ആരംഭിച്ചിട്ടുള്ളത്.