"ജനനി'സമ്മാനിച്ചത് 301 പാല്‍പ്പുഞ്ചിരികള്‍
1598003
Wednesday, October 8, 2025 6:34 AM IST
കൊല്ലം: ഹോമിയോപ്പതിയിലൂടെ പിന്തുണ "ജനനി' സമ്മാനിച്ചത് 301 പാല്‍പ്പുഞ്ചിരികള്‍. ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യത ചികിത്സാ പദ്ധതിയാണിത്. തേവള്ളിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ജനനി ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.
ഒരു ദശാബ്ദത്തിനിപ്പുറം 3698 ദമ്പതികളാണ് രജിസ്റ്റര്‍ ചെയ്തതെന്നു ഹോമിയോ ഡിഎംഒ ഡോ. അച്ചാമ ലിനു തോമസ് അറിയിച്ചു. ജനനി ക്ലിനിക്കില്‍ പുരുഷ - സ്ത്രീ വന്ധ്യതാ ചികിത്സയുണ്ട്. വിശദമായ കേസ്പഠനം നടത്തി ആധുനിക പരിശോധനാസംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍കണ്ടെത്തി ചികിത്സ നല്കുന്നു.
ശാരീരിക-മാനസിക പ്രശ്നങ്ങളും പ്രത്യേകതകളും വിലയിരുത്തിയാണ് ചികിത്സാപുരോഗതി. ആവശ്യമായ ലബോറട്ടറിപരിശോധനകളായ സ്കാനിംഗ്, ഹോര്‍മോണ്‍ ടെസ്റ്റുകള്‍, ബീജ പരിശോധനകള്‍ തുടങ്ങിയവയും നടത്തുന്നു.
ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ചികിത്സാരീതിയാണിത്. മരുന്നുകളും ചികിത്സയും സൗജന്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒന്നു വീതം നഴ്സ്, അറ്റന്‍ഡര്‍, നാഷണല്‍ ആയുഷ് മിഷന്റെ രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്സ് എന്നിവരെയും നിയോഗിച്ചു.
വന്ധ്യതയെ രോഗമായികാണാതെ സാമൂഹികഅവസ്ഥയായി കണ്ട് ചികിത്സ ലഭ്യമാക്കുകയാണിവിടെ. ഐവിഎഫ്, ഐയുഐ തുടങ്ങിയ ചെലവേറിയരീതികള് അവലംബിച്ചിട്ടും ഗര്‍ഭിണിയാകാത്തവര്‍, ഗര്‍ഭിണിയായിട്ടും പലതരംകാരണങ്ങളാല് ഗര്‍ഭസ്ഥശിശുവിനെ നഷ്ടമായവര്‍ തുടങ്ങിയവര്‍ക്കാണ് ചികിത്സ നല്‍കുന്നത്.
സ്ത്രീ വന്ധ്യതാകാരണങ്ങളായ ആര്‍ത്തവതകരാറുകള്‍, പിസിഒഎസ്, ഫലോപ്പിയന്‍ ട്യൂബല്‍ ബ്ലോക്ക്, ഗര്‍ഭാശയമുഴകള്‍, അണ്ഡാശയമുഴകള്‍, തൈറോയിഡ് രോഗങ്ങള്‍, പുരുഷ വന്ധ്യതാ കാരണങ്ങളായ ബീജോല്പാദന തകരാറ്, ബീജങ്ങളുടെ എണ്ണക്കുറവ്, ചലനശേഷിക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവ ഹോമിയോ ഔഷധങ്ങളിലൂടെ പരിഹരിക്കുന്നു. ദമ്പതികളുടെ മാനസികാരോഗ്യത്തിനായി സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കുന്നു.
2017 മുതലാണ് ജനനി പ്രത്യേക പദ്ധതിയായി പ്രവര്‍ത്തിച്ചു വരുന്നത്. ഒപി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ആഴ്ചയില്‍ ആറു ദിവസവും സംവിധാനമൊരുക്കി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തനം.
ജനനി പദ്ധതി ജില്ലാ കണ്‍വീനറായ ഡോ. മിനികുമാരി, കോ-കണ്‍വീനര്‍ ഡോ. ഷീബ മേരി ഫെര്‍ണാണ്ടസ് എന്നിവരാണ് നേതൃത്വംനല്കുന്നത്. ചികിത്സ ആവശ്യമുള്ളവര്‍ 0474 2791313 നമ്പറില്‍ പ്രവൃത്തിദിവസങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
സാക്ഷ്യപ്പെടുത്തി അമ്മമാര്‍
വിവിധ ചികിത്സാരീതികള്‍ 13 വര്‍ഷക്കാലം പരീക്ഷിച്ചാണ് കൊട്ടിയം സ്വദേശിനി തന്‍സി മുസമ്മില്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെത്തുന്നത്. നാലു മാസത്തെ ചികിത്സയില്‍തന്നെ ഫലമുണ്ടായി.
ഇപ്പോള്‍ കുഞ്ഞിനു രണ്ടുവയസായി. ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക പിന്തുണയും ഏറെ സഹായിച്ചതായി നന്ദിപൂര്‍വം സ്മരിക്കുന്നു. ഓയൂര്‍ സ്വദേശിനിയായ എല്‍. രഞ്ജിനിക്കും സമാനഅനുഭവം. 11 വര്‍ഷമായി പലചികിത്സകളും തേടി. ഫലമുണ്ടായില്ല. ഹോമിയോ ചികിത്സ തുടങ്ങി മൂന്ന് മാസത്തില്‍ ഗര്‍ഭിണിയായി. ഒപി ടിക്കറ്റിനു പുറമെ ഒരു സ്കാനിംഗിനു മാത്രമാണ് പണംചെലവായത്.
കുഞ്ഞിന് ഇപ്പോള്‍ മൂന്ന് വയസ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സൗജന്യമായി ചികിത്സലഭ്യമാക്കുന്ന ജനനി അഭിമാനപദ്ധതിയെന്നാണ് ദമ്പതിമാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ജനനി കുടുംബസംഗമം 10ന്
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനനിപദ്ധതിയിലൂടെ ജനിച്ച കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ച് 10ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ കുടുംബസംഗമം സംഘടിപ്പിക്കും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.