വിഷപ്പാമ്പുകളെ ‘സര്‍പ്പ' നേരിടും
1598464
Friday, October 10, 2025 5:09 AM IST
കൊല്ലം : വനം വകുപ്പിന്റെ ‘സര്‍പ്പ' പദ്ധതി ജില്ലയില്‍ ഒരുക്കുന്നത് ജങ്ങൾക്ക് സുരക്ഷയുടെ സമാശ്വാസം. പാമ്പുകടിയേറ്റുള്ള മരണങ്ങള് കുറയ്ക്കാനും ജനവാസ മേഖലകള്‍ക്ക് ഭീഷണിയായ വിഷപ്പാമ്പുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനും വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ 2850 വിഷപ്പാമ്പുകളെയാണ് പിടികൂടി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നത് ‘സര്‍പ്പ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സര്‍ട്ടിഫിക്കേഷന്‍ലഭിച്ച റെസ്ക്യൂവര്‍മാരുടെ വിവരങ്ങളും റെസ്ക്യൂ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം ആപ്പിലൂടെയാണ് നടത്തുന്നത്. പാമ്പുകള്മൂലം ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുക, ജനവാസ മേഖലകളിലെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ഉരഗവര്‍ഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
സര്‍പ്പ ജില്ലാ കോര്‍ഡിനേറ്ററായി സാമൂഹിക വനവത്ക്കരണ വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോര്‍ഡിനേറ്ററെ സഹായിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഫെസിലിറ്റേറ്റര്‍മാരുമുണ്ട്. ഫോണിലൂടെയും ആപ് വഴിയും വിവരം ലഭിക്കുന്ന എല്ലാ റെസ്ക്യൂ കോളുകളിലും സമയബന്ധിതമായി ഇടപെട്ട് പരിഹാരം കാണുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് സര്‍പ്പയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍.
ജില്ലയിലെ സര്‍പ്പ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍: ജില്ലാ കോര്‍ഡിനേറ്റര്‍: 8547603705, ജില്ലാ ഫെസിലിറ്റേറ്റര്‍: 9947467006, 94950 86150, ഡിവിഷണല്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍:
അച്ചന്‍കോവില്‍ ഡിവിഷന്-9188407512, പുനലൂര്‍ ഡിവിഷന്-9188407514, തെന്മല ഡിവിഷന്: 9188407516.
പാമ്പുകടിയേറ്റാല്‍ പ്രഥമശുശ്രൂഷ
കൊല്ലം: കടിയേറ്റയാള്‍ക്ക് ഭയമോ, മാനസികപിരിമുറുക്കമോ ഉണ്ടാകാന്‍ ഇടയാകരുത്. സൗകര്യപ്രദമായരീതിയില്‍ ഇരിക്കാന്‍/കിടക്കാന്‍ അനുവദിക്കണം.
പേശീചലനംനിയന്ത്രിക്കുന്നതിനായി കടിയേറ്റഭാഗത്ത് പ്രഷര്‍ബാന്‍ഡ് ചുറ്റാം. കടിയേറ്റഭാഗത്ത് മുറിവുണ്ടാകുകയോ തിരുമ്മുകയോ രാസവസ്തുക്കളോ പച്ചമരുന്നുകളോ സോപ്പ് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുകയോ ചെയ്യരുത്.
ഇത് വിഷബാധ വേഗത്തില്‍ പടരുന്നതിനും രക്തസ്രാവത്തിനും കാരണമായേക്കാം.