ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്കൂട്ടർ പോലീസെത്തിയിട്ടും മാറ്റിയില്ല
1598463
Friday, October 10, 2025 5:09 AM IST
കുളത്തൂപ്പുഴ: മാസങ്ങളേറെ കഴിഞ്ഞിട്ടും ഉപേക്ഷിച്ച നിലയില്‍ റോഡുവക്കില്‍ കണ്ടെത്തിയ സ്കൂട്ടറിന്റെ ഉടമയെ ഇനിയും കണ്ടെത്താനായില്ല.
തിരുവനന്തപുരം - ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ കൂവക്കാട് കവലക്ക് സമീപം റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന് ലിമിറ്റഡ് (ആര് പി എല്‍) പ്രധാന കവാടത്തിനു മുന്നിലെ പാതയോരത്താണ് മാസങ്ങള്‍ക്ക് മുമ്പ് ഇരുചക്ര വാഹനം ഉപക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസങ്ങളായി പാതയോരത്ത് വാഹനം കണ്ടതോടെ നാട്ടുകാരറിയിച്ചതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസെത്തി പരിശോധിച്ച് ഗുജറാത്തിനു സമീപം ഡാമന്‍ഡിയുവില്‍ 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഹോണ്ട ആക്ടീവ വാഹനമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഉടമയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തി വാഹനം പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം സ്റ്റേഷനിലേക്ക് മാറ്റാതെ പാതയോരത്ത് തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു.