സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു
1598253
Thursday, October 9, 2025 5:59 AM IST
അഞ്ചല്‍ : അഞ്ചല്‍ ചൂരക്കുളത്ത് പ്രവർത്തിക്കുന്ന ആനന്ദഭവൻ സെൻട്രൽ സ്കൂളിന്റെ ബസ് മറിഞ്ഞു. രാവിലെ കുട്ടികളുമായി സ്കൂളിലേക്കു വരവേ അസുരമംഗലത്തിനു സമീപമുള്ള ഇടറോഡിലാണ് ബസ് മറിഞ്ഞത്. ഇരുപത്തിയേഴോളം കുട്ടികളാണ് അപകട സമയം ബസിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ ബസിനുള്ളില്‍ നിന്നും കുട്ടികളെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. വീതി കുറഞ്ഞ റോഡിന്റെ വശത്തായി ഇട്ടിരുന്ന വലിയ മരക്കുറ്റിയില്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്.
ഏറെനാളുകളായി റോഡിന്റെ ഇരുവശങ്ങളിലുമായി റബർ മരങ്ങൾ മുറിച്ചതിന്റെ വലിയ കുറ്റികൾ ഇട്ടിരിക്കുകയാണ്. ഇതു നീക്കം ചെയ്യാൻ പലതവണ പറഞ്ഞുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
പഞ്ചായത്ത് അധികൃതരെയും വിവരം ധരിപ്പിച്ചിരുന്നു. അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
ബസിന് ഏതെങ്കിലും തരത്തില്‍ തകരാര്‍ ഉണ്ടോ എന്നതടക്കം അധികൃതര്‍ പരിശോധിക്കുന്നുണ്ട്.