അരിപ്പ ഭൂസമരം അവസാനിക്കുന്നു
1598460
Friday, October 10, 2025 5:09 AM IST
അഞ്ചല്‍ : നീണ്ട 14 വര്‍ഷത്തിനിപ്പുറം കൊല്ലം അരിപ്പയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന ഭൂസമരം അവസാനിക്കുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സമരം ചെയ്തുവന്ന സംഘടനകള്‍ അംഗീകരിച്ചതോടെയാണ് ഒന്നര ദശാബ്ദത്തിലേക്ക് നീണ്ട ഭൂസമരം അവസാനിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന 35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയിൽ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും നൽകും. സമരത്തി ലുള്ള 209 പട്ടിക ജാതി കുടുംബങ്ങൾക്ക് 12 സെന്റ്് വീതവും ജനറൽ വിഭാഗ ത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചർച്ചയിൽ അംഗീകരിച്ചതെന്നും മന്ത്രി അറിയിച്ചു.
സർക്കാർ വ്യവസ്ഥകൾ സമരക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഇവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടൻ കടക്കും. നിലവിൽ ഭൂമി കൈയേറി കുടിൽ കെട്ടിയാണ് സമരം നടത്തുന്നത്. അതിനാൽ അളന്ന് സെറ്റിൽ ചെയ്യേണ്ടി വരും. ഇതിനായി പുനലൂർ ആർഡിഒയെ സെറ്റിൽമെന്റ് ഓഫീസറായി നിയോഗിച്ചതായി മന്ത്രി അറിയിച്ചു.
സർവേ നടപടിക്രമങ്ങൾ തിങ്കളാഴ്ച ആരംഭിച്ച് 10 ദിവസത്തിനകം പൂർത്തിയാക്കുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും റവന്യു മന്ത്രി പറഞ്ഞു. 2026 ജനുവരിയിൽ പട്ടയം നല്കി ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുനലൂർ താലൂക്കിലെ തിങ്കൾകരിക്കം വില്ലേജിലെ സർവെ നമ്പർ 745 /1ൽപ്പെട്ട 94 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് തങ്ങൾ കുഞ്ഞ് മുസ്ലിയാർ കൈവശം വച്ചിരുന്നു. 1997 ഓഗസ്റ്റ് നാലിന് അന്നത്തെ എംഎല്‍എയായിരുന്ന പി.എസ്. സുപാൽ ഇടപെട്ട് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ. ഇ .ഇസ്മയിലിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് അധികൃതർ ഈ ഭൂമി തിരിച്ചു പിടിച്ചു.
സർക്കാർ ഉത്തരവനുസരിച്ച് ഇതിൽ നിന്ന് 13.55 ഏക്കർ കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിനും 21.53 ഏക്കർ ചെങ്ങറ ഭൂസമരക്കാർക്കും കൈമാറി. ശേഷിക്കുന്ന ഭൂമിയിൽ 2012 ഡിസംബർ 31 ന് മുതൽ ഭൂരഹിതരായ ദളിത്, ആദിവാസി വിഭാഗങ്ങൾ പ്രക്ഷോഭം ആരംഭിച്ചത്. ജീവിക്കാനും കൃഷി ചെയ്യാനുമായി ഭൂമി ആവശ്യപ്പെട്ടാണ് 14 വർഷമായി സമരം തുടർന്നത്. അന്നു മുതൽ സമരം ഒത്തുതീർപ്പാക്കുവാൻ സർക്കാർ ഇടപെടലുകൾ നടന്നിരുന്നു.
ആധുനിക സംവിധാനങ്ങളോടെ അളന്നതനുസരിച്ച് അരിപ്പയിൽ 48.8304 ഏക്കർ ഭൂമി ശേഷിക്കുന്നുണ്ട്. ഇവിടെ തന്നെ പുരയിടവും കൃഷിഭൂമിയും വേണമെന്ന സമരക്കാരുടെ ആവശ്യത്തോടാണ് ഈ സർക്കാർ അനുഭാവ പൂർവമായ നിലപാട് സ്വീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
റോഡും കളിസ്ഥലവും ഉൾപ്പെടെ പൊതു ആവശ്യം ഒഴിച്ച് 39.9 ഏക്കർ ഭൂമിയാണ് അരിപ്പ ഭൂസമരക്കാർക്ക് അനുവദിക്കുന്നത്.
ഭൂമിയിൽ നിന്നും ചതുപ്പുനിലം (വയല്‍),കളിസ്ഥലം, തോട്, റോഡ് നിർമാണത്തിന് എന്നിങ്ങനെ എട്ട് ഏക്കർ 93 സെന്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ടതായി വന്നതിന് ശേഷമുള്ള 39.99 ഏക്കർ ഭൂമി അരിപ്പ സമര ഭൂമിയിലെ കൈവശക്കാർക്ക് പതിച്ചു നല്‍കും. പി.എസ്. സുപാല്‍ എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ സമരം ഒത്തുതീര്‍പ്പില്‍ എത്തിയത്.
ജില്ലാ കളക്ടര്‍ അവതരിപ്പിച്ച പ്രൊപ്പോസല്‍ അംഗീകരിക്കുകയും തുടര്‍ നടപടികള്‍ക്ക് സെറ്റില്‍മെന്റ് ഓഫീസറായി പുനലൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വാർത്താ സമ്മേളനത്തില്‍ മന്ത്രിയെ കൂടാതെ പി.എസ്. സുപാൽ എംഎൽഎയും ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബുവും പങ്കെടുത്തു.