ഹരിതഭംഗിയിൽ കൊട്ടിയം ആനിമേഷൻ സെന്ററിന്റെ കൃഷിത്തോട്ടം
1598459
Friday, October 10, 2025 5:02 AM IST
ജോൺസൺ വേങ്ങത്തടം
കൊട്ടിയം: ഹരിതഭംഗിയിൽ നിറഞ്ഞു കൊട്ടിയം ക്രിസ്തുജ്യോതിസ് ആനിമേഷൻ സെന്ററിലെ കൃഷിത്തോട്ടം. പത്ത് ഏക്കർ ഭൂമിയിൽ നാല് ഏക്കർ ഭൂമിയിൽ റബർമരങ്ങളാണ്. ബാക്കിയുള്ള കൃഷിയിടത്തിൽ വാഴയും മരച്ചീനിയും പച്ചക്കറികളും പഴവർഗങ്ങളും നിറഞ്ഞുനിൽക്കുന്നു. കൊട്ടിയം ഹോളിക്രോസ് കോൺവന്റിൽനിന്നും എത്തിയ സിസ്റ്റർ പെട്രീനയാണ് കൃഷിയുടെ മേൽനോട്ടം. സിസ്റ്ററിനെ സഹായിക്കാൻ സിസ്റ്റർ പ്രീതിയുമുണ്ട്.
കൃഷിയിടത്തിൽ സഹായഹസ്തവുമായി ഡയറക്ടർ ഫാ. ഷാജൻ വർഗീസുമുണ്ട്. വിഷമില്ലാത്ത പച്ചക്കറിയും പഴവർഗങ്ങളും ഭക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്.
വിവിധയിനം വാഴകൾകൊണ്ടു സന്പന്നമാണ് ഈ കൃഷിയിടം. ഏത്തവാഴയാണ് കൃഷിയിലെ താരം. വെള്ളം, വളം തുടങ്ങി കൃത്യമായ പരിപാലനം ഈ കൃഷിക്ക് ആവശ്യമാണ്. പാളയംകോടൻ, ഞാലിപ്പൂവൻ, പൂവൻ തുടങ്ങിയവയുണ്ട്. നമുക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും ഈ വളപ്പിൽതന്നെ നട്ടുവളര്‍ത്തുന്നു.
പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കിഴങ്ങുവര്‍ഗവിളകള്‍, ഔഷധസസ്യങ്ങള്‍ , ഉയരം കുറഞ്ഞ തെങ്ങുകള്‍ ഇവയെല്ലാം ഈ ഭൂമിയിൽ വളരുന്നു. 1000ലധികം ചുവട് മരച്ചീനി വളർന്നുനിൽക്കുന്നു. പച്ചക്കറികളിൽ പയറും വെണ്ടയും ചേന്പും ചേനയും പപ്പായയും വഴുതനയും കുർക്കയും തഴച്ചുവളർന്നു നിൽക്കുന്നു. പച്ചമുളകും കാന്താരിമുളകും ആവശ്യത്തിനു പുരയിടത്തിൽ തന്നെയുണ്ട്. പാവൽ, പടവലം, കുമ്പളം, മത്തൻ തുടങ്ങിയവയാണു കൃഷി ചെയ്യുന്നുണ്ട്.
ഡ്രിപ്പ് ഇറിഗേഷൻ, പ്ലാസ്റ്റിക് മൾച്ചിംഗ്, സ്ഥിരം പന്തൽ എന്നിവയെല്ലാം ഇവിടത്തെ കൃഷിക്കായി അവലംബിക്കുന്നുണ്ട്. ആവശ്യത്തിനു വെള്ളമുള്ളതുകൊണ്ട് കൃഷി നന്നായി നടക്കുന്നു. രാവിലെ മുതൽ പണിക്കാരോടൊപ്പം കൃഷിയിടത്തിൽ സിസ്റ്ററുണ്ട്. പച്ചക്കറികളും മറ്റു കാർഷികോത്പന്നങ്ങളും ആനിമേഷൻ സെന്ററിലേക്കുതന്നെയാണ് എടുക്കുന്നത്.
വിവിധയിനം പ്ലാവുകൾ,കടച്ചക്ക, മാവുകൾ, ചാന്പ തുടങ്ങിയവയും ഈ കൃഷിയിടത്തിൽ ആവശ്യത്തിനുണ്ട്. ഇതുകൂടാതെ വിവിധയിനം പഴവർഗങ്ങളും നട്ടുവളർത്തുന്നു. റംബൂട്ടാൻ കൂടുതൽ വ്യവസായി അടിസ്ഥാനത്തിൽ വളർത്താനുള്ള പദ്ധതി തയാറാക്കിയതായി ഡയറക്ടർ ഫാ. ഷാജൻ വർഗീസ് പറഞ്ഞു.