മഞ്ഞാറംകുന്ന് അങ്കണവാടിക്ക് പുതിയ കെട്ടിടം
1598000
Wednesday, October 8, 2025 6:24 AM IST
അഞ്ചല്‍ : ഇടമുളക്കല്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ മഞ്ഞാറംകുന്ന് അങ്കണവാടിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നു. 30 വർഷമായി നിരവധി ഇടങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന അങ്കണവാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ജവഹര്‍ സ്കൂളിന് സമീപം റവന്യൂ വകുപ്പ് അഞ്ച് സെന്റ് ഭൂമി അനുവദിച്ചു നല്‍കുകയായിരുന്നു.
ബ്ലോക്ക്, പഞ്ചായത്തുകള്‍ സംയുക്തമായി കെട്ടിട നിര്‍മ്മാണത്തിന് ഫണ്ടുകൂടി അനുവദിച്ചതോടെയാണ് സ്വന്തം കെട്ടിടം എന്ന വര്‍ഷങ്ങളായുള്ള കടത്തിരിപ്പിന് വിരാമമായത്. പഞ്ചായത്ത് പ്രസിഡന്റ് ആര്യാലാല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കര്‍മം നിര്‍വഹിച്ചു.
വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിടം അങ്കണവാടിക്കായി തുറന്ന് നല്‍കുമെന്ന് ആര്യാലാല്‍ പറഞ്ഞു. വാര്‍ഡ് അംഗം ബുഹാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം രാജീവ് കോശി, ലിജു ആലുവിള, ഷാനവാസ് പുത്തൻ വീട്ടിൽ,ശ്രീജിത്ത്, സുദർശൻ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധർമ്മണി, അങ്കണവാടി വര്‍ക്കര്‍ നീതു തുടങ്ങിയവര്‍ പ്രസംഗിച്ചു. 20 ലക്ഷം രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത് .