രണ്ടു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
1598852
Saturday, October 11, 2025 5:53 AM IST
കൊല്ലം: കൊല്ലത്ത് രണ്ടു കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. കിളികൊല്ലൂർ ചാമ്പക്കുളം സ്വദേശി വിഷ്ണു എന്നു വിളിക്കുന്ന സാദിക്കാണ് എക്സൈസിന്റെ പിടിയിലായത്. കല്ലുംതാഴം ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിനു സമീപം റെയിൽവേ പുറമ്പോക്കിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത്.
അറസ്റ്റിലായ സാദിക്കിനെതിരെ എൻഡിപിഎസ് കേസെടുത്തു. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിവന്നു കൊല്ലം നഗരത്തിലും സമീപപ്രദേശങ്ങളിലും വിൽപന നടത്തി വരികയായിരുന്നു.
കഞ്ചാവ് എത്തിക്കുന്നതിന് സാദിക്ക് ഉപയോഗിച്ച ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചു നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് പിടിയിലായ സാദിക്ക്. കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ.ജി. വിനോദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടി.ആർ. ജ്യോതി,
ബി.ഷെഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് ഗോകുൽ, ഉണ്ണികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബീന, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.