തിരുവനന്തപുരം - തെങ്കാശി പാതയിൽ മരം കടപുഴകി വീണ് വാഹന ഗതാഗതം തടസപ്പെട്ടു
1598850
Saturday, October 11, 2025 5:53 AM IST
കുളത്തൂപ്പുഴ : കഴിഞ്ഞരാത്രിയിലെ ശക്തമായ മഴയിലും കാറ്റിലും അന്തർസംസ്ഥാന പാതയിൽ വൻമരം കടപുഴകി വീണതിനെതുടർന്ന് തിരുവനന്തപുരം - തെങ്കാശി പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു.
കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനുസമീപം വനംമ്യൂസിയം വളപ്പിൽ നിന്നിരുന്ന മരമാണ് 11 കെവി ലൈൻ തകർത്ത് പാതക്കുകുറുകെ നിലംപൊത്തിയത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി.
സംഭവസമയം റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മരം വീണതോടെ അയൽസംസ്ഥാനത്തുനിന്നും ചരക്കുകളുമായെത്തിയ നിരവധി വാഹനങ്ങൾ പാതയിൽ കുടുങ്ങി.
നാട്ടുകാർ അഗ്നിരക്ഷാ സംഘത്തെ വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂരിൽനിന്നും എത്തിയ ഫയർഫോഴ്സ് സംഘം മരംമുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.