തിരുമുക്ക് അടിപ്പാത സമരം: കർഷക പ്രതിനിധി സത്യഗ്രഹം അനുഷ്ടിച്ചു
1598854
Saturday, October 11, 2025 5:53 AM IST
ചാത്തന്നൂർ: തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേസത്യഗ്രഹ സമരത്തിന്റെ 23-ാം ദിവസം അഖിലേന്ത്യാ കിസാൻ സഭ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റിലേസത്യഗ്രഹം നടന്നത്. അഖിലേന്ത്യാ കിസാൻ സഭ ചാത്തന്നൂർ മേഖലാ പ്രസിഡന്റ് വിനോദ് സത്യഗ്രഹം അനുഷ്ടിച്ചു.
സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ കൗൺസിൽ അംഗം അഡ്വ.എച്ച്.ഹരീഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മലാവർഗീസ് ,ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ,എൻ.സദാനന്ദൻ പിള്ള, വി.സണ്ണി, എൻ.രവീന്ദ്രൻ, രാമചന്ദ്രൻ പിള്ള , അഡ്വ.കെ.എസ്.ഷൈൻ,ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ,പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ പി.കെ.സുഭാഷ്, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ സ്വാഗതവും ഷിബിനാഥ് നന്ദിയും പറഞ്ഞു.
വർക്കല ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ സമരവേദി സന്ദർശിച്ച് അനുഭാവം രേഖപ്പെടുത്തി.സമരവേദിയിൽ ഇന്നലെ വൈകുന്നേരം ചാത്തന്നൂർ നാദം ഓർക്കസ്ട്ര പ്രവർത്തകർ അനുഭാവ ധർണനടത്തി. ഗാനസന്ധ്യയും അവതരിപ്പിച്ചു.
സത്യഗ്രഹ സമരത്തിന്റെ ഇരുപത്തിനാലാം ദിവസമായ ഇന്ന് പരവൂർ തെക്കുംഭാഗം കാരുണ്യം പാറപ്പുറം ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് മുരളീധരൻ പിള്ളസത്യഗ്രഹമനുഷ്ടിക്കും. കാരുണ്യം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഹക്കിം രാവിലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. പരവൂർ തെക്കുംഭാഗം കാരുണ്യം പാറപ്പുറം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് റിലേസത്യഗ്രഹം നടക്കുന്നത്.
ജനങ്ങളെ കബളിപ്പിക്കുന്നു
കൊല്ലം: തിരുമുക്ക് അടിപ്പാത വിഷയത്തിൽ പിണറായി സർക്കാരും കേന്ദ്ര സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ. ദേശീയപാത 66 ന്റെ പണികൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ഡൽഹിയിൽ മുഖ്യമന്ത്രിയും കേന്ദ്രപൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തിരുമുക്ക് അടിപ്പാത സംബന്ധിച്ചുള്ള വിഷയം സംസ്ഥാന സർക്കാർ ഉന്നയിച്ചില്ല.
ഇക്കാര്യത്തിൽ ബിജെപിയും സിപിഎമ്മും കാട്ടുന്ന ഇരട്ടത്താപ്പ് ചാത്തന്നൂർ പരവൂർ നിവാസികളെയും ഈ പാത ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയും കബളിപ്പിക്കുന്നതാണെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.