അഭിഭാഷകനെ മർദിച്ച സംഭവം : സിഐ ഉൾപ്പെടെയുള്ളവർക്കെതിരേ ജാമ്യമില്ലാ വകുപ്പ്
1598860
Saturday, October 11, 2025 6:02 AM IST
കൊല്ലം : അഭിഭാഷകന് പോലീസ് സ്റ്റേഷനിൽ ക്രൂരപീഡന മേൽക്കേണ്ടി വന്ന സംഭവത്തിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടറും ഉദ്യോഗസ്ഥരുമടക്കം ഒൻപത് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കോടതി.
കൊല്ലം ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ജി. ഗോപകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അലോഷ്യസ് അലക്സാണ്ടർ, ഫിലിപ്പോസ്, അനൂപ്, ശ്രീകുമാർ, പ്രമോദ് എന്നിവരെയും മുഹമ്മദ് അഫ്സൽ, റാഷിദ്, നിസാർ തുടങ്ങി ഒൻപത് പേരെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതോടെ പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
അഭിഭാഷകനായ അഡ്വ. പനമ്പിൽ എസ്.ജയകുമാറിന്റെ വാഹനത്തിൽ മറ്റൊരു വാഹനം കൊണ്ട് വന്ന് ബോധപൂർവം ഇടിക്കുകയും തുടർന്ന് ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായും പൈശാചികമായും ശരീരമാസകലം മർദിക്കുകയും ചെയ്ത വിവാദ സംഭവത്തിലാണ് കോടതിയുടെ നടപടി. സംഭവത്തിൽ ജയകുമാറിന്റെ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിരുന്നു.
അഭിഭാഷകർ സംഘടിച്ച് തുടർച്ചയായി കോടതി ബഹിഷ്കരിക്കാനിടയാക്കിയ സംഭവമാണിത്. ഇതിനിടെ അഡ്വ. ജയകുമാർ 25 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിൽ അലോഷ്യസ് അലക്സാണ്ടറിന്റെ വസ്തുവകകൾ കരുനാഗപ്പള്ളി സബ് കോടതി ജപ്തി ചെയ്ത് ഉത്തരവായിരുന്നു.
വാദി ജയകുകാറിന് വേണ്ടി അഭിഭാഷകരായ എം.ഐ. അലക്സാണ്ടർ പണിക്കർ, പെരുമൺ എസ്.രാജു എന്നിവരാണ് കോടതിയിൽ ഹാജരായത്.