തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ പുരോഗതി : ജില്ല ഒന്നാം സ്ഥാനത്ത്
1598863
Saturday, October 11, 2025 6:02 AM IST
കൊല്ലം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണ പുരോഗതിയില്‍ ജില്ല ഒന്നാം സ്ഥാനത്ത്. 142.80 കോടി രൂപയുടെ പ്രവൃത്തികളാണ് ഇതുവരെ നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്ഷികപദ്ധതികളുടെപുരോഗതിയും പദ്ധതിവിഹിതവും സംബന്ധിച്ചു ചര്‍ച്ച ചെയ്തത്.
നിര്‍വഹണ പുരോഗതിയില്‍ കൊല്ലം കോര്പറേഷന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തും ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനത്തും അഞ്ചല്‍ പഞ്ചായത്ത് രണ്ടാം സ്ഥാനത്തുമാണ്. പദ്ധതിനിര്‍വഹണത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്‍സിപ്പാലിറ്റികള്‍ എന്നിവയുടെ നിര്‍വഹണ പുരോഗതിയും വിലയിരുത്തി.
പഞ്ചായത്ത് തലത്തില്‍ അഞ്ചല്‍ (നിര്‍വഹണ പുരോഗതി-34.21ശതമാനം), ഓച്ചിറ (29.51ശതമാനം) പഞ്ചായത്തുകള്‍ ഒന്നും രണ്ടും സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഇത്തിക്കര (27.39ശതമാനം), ഓച്ചിറ (26.60ശതമാനം) ബ്ലോക്കുകള്‍ ഒന്നും രണ്ടും സ്ഥാനത്താണ്. പുനലൂര്‍ മുൻസിപ്പാലിറ്റി (19.55ശതമാനം), പരവൂര്‍ മുനിസിപ്പാലിറ്റി (16.86ശതമാനം) എന്നിവരാണ് മുന്‍സിപ്പാലിറ്റി തലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ജില്ലയിലെ 61 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്ഷികപദ്ധതിഭേദഗതിക്കും അംഗീകാരംനല്‍കി. തദ്ദേശഭരണസ്ഥാപനങ്ങളുടെ ആരോഗ്യഗ്രാന്ഡ് പ്രോജക്ടുകള്‍ക്കും കരുനാഗപ്പള്ളി, പരവൂര്‍, കൊട്ടാരക്കര മുന്‍സിപ്പാലിറ്റികളുടെ ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായിട്ടുള്ള ബിസിനസ് ഡെവലപ്മെന്റ് പ്ലാനുകള്‍ക്കും അംഗീകാരം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.ആര്. ജയഗീത, സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്, ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍/സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.