കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകി
1599383
Monday, October 13, 2025 6:37 AM IST
കൊല്ലം: വിനോദ സഞ്ചാരത്തിനായി കൊല്ലത്തെത്തിയ ചെന്നൈ സ്വദേശിയുടെ നഷ്ടപ്പെട്ട സ്വർണാഭരങ്ങൾ അടങ്ങിയ ബാഗ് കൊട്ടിയം പോലീസിന്റെ സഹായത്തോടെ തിരിച്ചു നൽകി. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാജീവാണ് മൺട്രോത്തുരുത്തിൽ എത്തിയ ചെന്നൈ സ്വദേശിയായ യുവതിയുടെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി മാതൃകയായത്.
കൊല്ലത്തുനിന്നും സവാരി കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന രാജീവിന് കൊട്ടിയം ജംഗ്ഷനിലെ ഒരു ജ്വല്ലറിക്ക് മുൻവശം വച്ചാണ് ബാഗ് കിട്ടുന്നത്. രാജീവ് ബാഗുമായി കൊട്ടിയം സ്റ്റേഷനിൽ എത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ ഉടമയുമായി ബന്ധപ്പെട്ട യാതൊരു രേഖയും ബാഗിൽ ഉണ്ടായിരുന്നില്ല.
സിസിടിവി അടക്കം പരിശോധിച്ചതിൽ കൊട്ടിയം ജംഗ്ഷനിലൂടെ കടന്നു പോയ വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുമുല്ലവാരം സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നും ബാഗ് നഷ്ടപെട്ട യുവതിയെ പറ്റിയുള്ള വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് അയിരൂർ പോലീസിന് ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയാനാവുന്നത്.
കൊട്ടിയം ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ ബാഗിന്റെ ഉടമയായ ചെന്നൈ സ്വദേശിയെ കണ്ടെത്തുകയും ബാഗ് തിരികെ കൈമാറുകയുമാണ് ഉണ്ടായത്. ഈ അവസരത്തിൽ രാജീവിന്റെ സത്യസന്ധതയെ മാനിച്ച് കൊട്ടിയം എസ് ഐ നിഥിൻ നളൻ, രാജീവിനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ഉണ്ടായി.