കക്കൂസ് മാലിന്യം തള്ളിയതായി പരാതി; ആരോഗ്യ പ്രവർത്തകരെ തടഞ്ഞ് നാട്ടുകാര്
1599128
Sunday, October 12, 2025 6:14 AM IST
കല്ലട: മൺട്രോതുരുത്ത് കിടപ്പുറം ഒന്നാം വാർഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചെറുതോടും വെള്ളക്കെട്ടുകളും ഉള്ള തെങ്ങും പണയുടെ ഇടയിലേക്കാണ് മാലിന്യം തള്ളിയത്. ദുർഗന്ധം പരന്നതോടെ പ്രദേശവാസികൾ നോക്കുമ്പോഴാണ് മാലിന്യം തള്ളിയിരിക്കുന്നത് കാണുന്നത്. ആശാവർക്കർമാർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി ക്ലോറിനേഷൻ നടത്തി.
തുടർന്ന് ഇന്നലെ ഈ പ്രദേശത്ത് വാക്സിൻ എടുക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകരെ മാലിന്യം നീക്കം ചെയ്യാത്തതിനെതുടർന്ന് നാട്ടുകാർ തടയുകയായിരുന്നു. മാലിന്യം വെള്ളത്തിൽ കലങ്ങി കിടക്കുന്നതിനാൽ നീക്കം ചെയ്യാൻ സാധ്യമല്ലെന്ന് പഞ്ചായത്ത് അറിയിച്ചു. വീണ്ടും ക്ലോറിനേഷൻ നടത്താമെന്ന ഉറപ്പിന്മേൽ പോലീസ് എത്തി നാട്ടുകാരെ അനുനയിപ്പിച്ചു വിടുകയായിരുന്നു.