അരിപ്പ ഭൂസമര പരിഹാരത്തിൽ സർക്കാർ വഞ്ചിച്ചു; സമരം തുടരും: ആദിവാസി ദളിത് മുന്നേറ്റ സമിതി
1599129
Sunday, October 12, 2025 6:14 AM IST
കൊല്ലം: പതിമൂന്നു വർഷത്തിലേറെയായി അരിപ്പയിലെ റവന്യൂ ഭൂമിയിൽ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ആദിവാസികളും ദളിതരും ഭൂരഹിത വിഭാഗങ്ങളും കൃഷിഭൂമി ആവശ്യപ്പെട്ടു നടത്തി വരുന്ന ഭൂസമര പരിഹാരത്തിന് എല്ലാ സംഘടനകളും പിന്തുണച്ചെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അരിപ്പ ഭൂസമരപരിഹാരത്തിൽ സർക്കാർ വഞ്ചിച്ചുവെന്നും സമരം തുടരുമെന്നും എന്നാൽ ഭൂമി അളക്കുന്നതിൽ ആരെയും തടയില്ലെന്നും അവർ കൂട്ടിച്ചേർത്തു. പുനലൂർ എംഎൽ എയെ പിന്തുണയ്ക്കുന്ന മുപ്പതോളം പ്രതിനിധികളെ പ്രാദേശിക സമരക്കാരെന്ന പേരിൽ റവന്യൂ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുപ്പിച്ച് ഒരേക്കർ ഭൂമി ആവശ്യപ്പെട്ട് സമരമാരംഭിച്ച ആദിവാസി ദളിത് മുന്നേറ്റ സമിതി നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെ തള്ളി ഭൂരിപക്ഷമുണ്ടാക്കി എസ് ടി വിഭാഗത്തിന് 30 സെന്റ് ,എസ്സിവിഭാഗത്തിന് 12 സെന്റ്, ജനറൽ വിഭാഗത്തിന് 10 സെന്റ് എന്ന തീരുമാനം പ്രഖ്യാപിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു .
10 സെന്റ് ഭൂമിവാങ്ങാൻ സന്നദ്ധമായപ്രാദേശിക ഭൂസമരക്കാർക്ക് അവർ സമരംചെയ്യുന്ന മേഖലകളിൽ ഭൂമി അളന്ന് വാങ്ങുന്നതിനെ തടസപ്പെടുത്തില്ലെന്നും സമരം തുടരുമെന്നും അവർ അറിയിച്ചു. ആദിവാസി ദളിത് മുന്നേറ്റസമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ , ജനറൽ സെക്രട്ടറി വി. രമേശൻ,വൈസ് പ്രസിഡന്റ് ഷൈനി പി വട്ടപ്പാറ, കൊല്ലം ജില്ല പ്രസിഡന്റ് മണി പി അലയമൺ, സംസ്ഥാന സമിതി അംഗം വി.സി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.