തിരുമുക്ക് അടിപ്പാത സമരത്തിൽ സന്നദ്ധ സംഘടനകളും അണിചേർന്നു
1599115
Sunday, October 12, 2025 6:01 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമരസമിതി നടത്തുന്ന റിലേ സത്യഗ്രഹത്തിൽ രാഷ്ട്രീയ യുവജന സംഘടന, മഹിളാ സംഘടന, കർഷക സംഘടന,വിമുക്തഭടന്മാരുടെ സംഘടന എന്നിവ കൂടാതെ കുടുംബശ്രീ കൂട്ടായ്മയും സന്നദ്ധ സംഘടനകളും അണിചേർന്നു തുടങ്ങി.
ചാത്തന്നൂർ തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തിരുമുക്ക് അടിപ്പാതസമരസമിതിയുടെ നേതൃത്വത്തിൽ റിലേ സത്യഗ്രഹ സമരം നടത്തിവരുന്നത്.
റിലേ സത്യഗ്രഹ സമരത്തിന്റെ ഇരുപത്തിനാലാം ദിവസം പരവൂർ തെക്കുംഭാഗം കാരുണ്യം പാറപ്പുറം ചാരിറ്റബിൾ സൊസൈറ്റിയുടെനേതൃത്വത്തിലാണ് റിലേസത്യഗ്രഹം നടന്നത്.
സൊസൈറ്റി വൈസ് പ്രസിഡന്റ് മുരളീധരൻ പിള്ള സത്യഗ്രഹം അനുഷ്ടിച്ചു.പ്രസിഡന്റ് ഹക്കിം റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.പരവൂർ മുനിസിപ്പൽ മുൻ കൗൺസിലർ വിജയകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ പി.കെ.മുരളി, വി.എസ്.ഗോപൻ, സമരസമിതി കൺവീനർമാരായ ഷൈൻ.എസ്.കുറുപ്പ്, സന്തോഷ് പാറയിൽക്കാവ്,ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ,കൺവീനർ ജി.പി.രാജേഷ് ,കെ.കെ.നിസാർ, സതീഷ് വാവറ തുടങ്ങിയവർ പ്രസംഗിച്ചു.
സത്യഗ്രഹ സമരത്തിന്റെ ഇരുപത്തി അഞ്ചാം ദിവസമായ ഇന്ന് പരവൂർ തെക്കുംഭാഗം സ്മൃതി സാംസ്ക്കാരിക വേദി ജോയിന്റ് സെക്രട്ടറി യാസർ അരാഫത്ത് സത്യഗ്രഹമനുഷ്ടിക്കും. പരവൂർ മുനിസിപ്പൽ ചെയർമാൻ പി.ശ്രീജ രാവിലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
പരവൂർ തെക്കുംഭാഗം സ്മൃതി സാംസ്ക്കാരിക സംഘടനയുടെനേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടക്കുന്നത്. സമരവേദിയിൽ വൈകുന്നേരം സാംസ്കാരിക പ്രവർത്തകർ, കവികൾ എന്നിവർ പങ്കെടുക്കുന്ന അനുഭാവ ധർണയും സാംസ്കാരിക സംഗമവും നടക്കും.