നെടുമ്പനയിൽ തെരുവ് നായ ആക്രമണം : കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു
1599113
Sunday, October 12, 2025 6:01 AM IST
കൊട്ടിയം : തെരുവ് നായയുടെ കടിയേറ്റ് നെടുമ്പനയിൽ കുട്ടികൾ ഉൾപ്പെടെ 11 പേർ ആശുപത്രിയിൽ. നെടുമ്പന പഞ്ചായത്തിലെ 17,18 വാർഡുകൾ ഉൾപ്പെടുന്ന നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തൈക്കാവ് മുക്ക്, ചിലവൂർക്കോണം, മുളങ്കുഴി, കൃഷിഭവൻ, നെടുമ്പന സ്റ്റേഡിയത്തിന് സമീപത്തുമായി കുട്ടികൾ ഉൾപ്പെടെ 11 ഓളം പേരാണ് തെരുവ് നായയുടെ കടിയേറ്റു ചികിത്സ തേടിയിരിക്കുന്നത്. തെരുവ് നായയുടെ കടിയേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും വാക്സിൻ എടുക്കുകയും ചെയ്തിട്ടുണ്ട്.
ചുണ്ടിലും തുടയിലും കടിയേറ്റവർ കൂട്ടത്തിലുണ്ട്. വ്യാപകമായി ഓടിനടന്ന് നായ കടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹാഷിം, ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ച് നായയെ തല്ലിക്കൊല്ലുകയായിരുന്നു.
ചത്ത നായെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനായി നെടുമ്പന മൃഗാശുപത്രിയിൽ നിന്നും ആരും എത്താത്തതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് നായയെ നെടുമ്പന പഞ്ചായത്തിലെ മൃഗാശുപത്രിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ ഉണ്ടാക്കി. തുടർന്ന് മന്ത്രി ചിഞ്ചു റാണിയുടെ ഇടപെടലിനെ തുടർന്നാണ് പേ വിഷബാധ പരിശോധനക്ക് നായയെ പൊതുജനങ്ങളുടെ സഹായത്തോടെ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിക്കുന്നത്.
നെടുമ്പന പഞ്ചായത്തിൽ തെരുവ് നായ് ശല്യത്തിനെതിരെ ഒരു പദ്ധതി പോലും പഞ്ചായത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. പേപ്പട്ടി കടിച്ചു കഴിഞ്ഞാൽ പോലും തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാവാത്ത സാഹചര്യമാണുള്ളത്. നിരവധി പേർ തെരുവുനായയുടെ കടിയേറ്റിരിക്കുന്ന സാഹചര്യത്തിൽ കടിച്ച നായ്ക്കളെ തിരിച്ചറിഞ്ഞു വാക്സിനേഷൻ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു.