എംഎൽഎയുടെ പദ്ധതികൾ ജനത്തെ പറ്റിക്കാനെന്ന് കോൺഗ്രസ്
1599616
Tuesday, October 14, 2025 6:56 AM IST
പുനലൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം ബാക്കിനിൽക്കെ കല്ലടയാറിന് കുറുകെ പാലവും ബൈപ്പാസും സാധ്യത പഠനങ്ങളും പട്ടയമേളയുമായി പുനലൂർ എംഎൽഎ രംഗത്തിറങ്ങിയിട്ടുള്ളത് ജനത്തെ പറ്റിക്കാനും തന്റെ കഴിവുകേടുകൾ മറച്ചുവയ്ക്കുവാനും ആണെന്ന് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി .വിജയകുമാർ ആരോപിച്ചു.
ആസ്്തി വികസന ഫണ്ടായി അഞ്ചു കോടി രൂപയും പ്രത്യേക വികസന ഫണ്ടായി ഒരു കോടി രൂപയും പ്രതിവർഷം എംഎൽഎക്ക് ലഭിക്കുമെന്നിരിക്കെ അഞ്ചുവർഷംകൊണ്ട് 30 കോടി രൂപ പുനലൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതുകൂടാതെ മറ്റ് നിരവധി പദ്ധതികളിലെ പണവും നിയോജകമണ്ഡലത്തിലെ വികസനത്തിനു വേണ്ടി എംഎൽഎമാർ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഈ തുകയൊന്നും പുനലൂരിന്റ വികസനത്തിനു വേണ്ടി കാര്യക്ഷമമായി ചെലവഴിക്കാത്ത പുനലൂർ എംഎൽഎ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ പദ്ധതികളുമായി ഇറങ്ങിയിരിക്കുകയാണ്.
പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുക, പുനലൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക തുടങ്ങിയ ഏറ്റവും സുപ്രധാനമായ ആവശ്യങ്ങൾക്ക് പോലും പരിഹാരമുണ്ടാക്കാൻ മന്ത്രി മണ്ഡലത്തിലെ മന്ത്രിക്കും റവന്യൂ വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന കക്ഷിയുടെ പ്രതിനിധിയായ എംഎൽഎമാർക്കും കഴിഞ്ഞിട്ടില്ലെന്നും വിജയകുമാർ പറഞ്ഞു.
25 ലക്ഷം രൂപ ആസ്തി വികസന ഫണ്ട് ഉണ്ടായിരുന്ന പുനലൂർ മധുവിന്റെ കാലഘട്ടത്തിലാണ് വെട്ടിപ്പുഴ പാലവും തൊളിക്കോട് പാലവും ആയിരനല്ലൂർ കടവിൽ കല്ലടയാറിന് കുറുകെ പാലവും നിർമ്മിച്ചതെന്ന് പുനലൂർ എംഎൽഎ ഓർക്കണം.
പുനലൂർ ബൈപ്പാസിന് അന്തിമ അനുമതി ലഭിച്ചു എന്ന് മൂന്നു മാസം മുമ്പ് പത്രസമ്മേളനം വിളിച്ചു പ്രഖ്യാപിച്ച എംഎൽഎ ഇപ്പോൾ പറയുന്നത് 10 ദിവസത്തിനകം അന്തിമാനുമതി ലഭിക്കുമെന്നാണ്.തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉള്ള പ്രഖ്യാപനങ്ങളും വാർത്തകളും ജനങ്ങളെ പറ്റിക്കാനാണെന്ന് ബ്ലോക്ക് പ്രസിഡന്റ് സി .വിജയകുമാർ ആരോപിച്ചു.