ശിവകൃഷ്ണൻ മുന്നറിയിപ്പ് വകവെക്കാത്തത് ദുരന്തകാരണമായി
1599634
Tuesday, October 14, 2025 6:56 AM IST
കൊല്ലം: അർച്ചനയെ രക്ഷിക്കാൻ ഫയർ ഫോഴ്സ് ശ്രമിക്കുന്നതിനിടെ കിണറിന്റെ സമീപത്തേക്ക് വരരുത് എന്ന് ഫയര്‍ഫോഴ്സ് സംഘം നൽകിയ മുന്നറിയിപ്പ് ശിവകൃഷ്ണൻ വകവെക്കാഞ്ഞതാണ് കൊല്ലത്ത് നെടുവത്തൂരില്‍ മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്. ശിവകൃഷ്ണന്‍ മുന്നറിയിപ്പ് അവഗണിച്ച് കിണറിന്റെസമീപത്തേക്ക് എത്തുകയും ഇയാള്‍ നിന്ന ഭാഗത്തെ കൈവരി ഇടിഞ്ഞ് താഴേക്ക് വീഴുകയുമായിരുന്നു.
പിതാവിന്റെ തുണയില്ലാതെ വർഷങ്ങളായി അമ്മക്കൊപ്പം ജീവിക്കുന്ന മൂന്നു കുട്ടികൾ സംഭവത്തോടെ അനാഥരായി മാറിയിരിക്കുകയാണ്. പിതാവ് ഉപേക്ഷിച്ച മൂന്നു മക്കളുമായി തനിയെ ജീവിച്ചു വന്ന അര്‍ച്ചനയുടെ ജീവിതത്തിലേക്ക് ശിവകൃഷ്ണൻ കടന്നു വന്നിട്ട് നാല് മാസമെ ആയിട്ടുള്ളൂ. അർച്ചനയുടെ സുഹൃത്തായ ശിവകൃഷ്ണൻ സ്ഥിരം മദ്യപാനി ആണെന്നും മദ്യപിച്ച് എത്തുന്ന ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി വഴക്കുണ്ടാക്കാറുണ്ടെന്നും അയല്‍ക്കാര്‍ പറയുന്നുണ്ട്.
അപകടം നടന്ന രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. അർച്ചനയെ ഇയാൾ മർദിച്ചിരുന്നു. അർച്ചനയുടെ മുഖത്ത് മർദനമേറ്റ പരിക്കുകളുണ്ട്. മുഖത്തെ പരുക്കിന്റെ ഫോട്ടോ അർച്ചന മൊബൈലിൽ പകർത്തിയത് ശിവകൃഷ്ണനെ കൂടുതൽ പ്രകോപിപ്പിച്ചു. വഴക്ക് തീരാതെ വന്നതോടെയാണ് അർച്ചന കിണറ്റിൽ ചാടിയത്.
സോണി കിണറ്റിൽ ഇറങ്ങുമ്പോൾ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കുമ്പോഴാണ് കിണറിന്റെ കൈവരിയുടെ ഭാഗം ഇടിഞ്ഞുവീണ് അപകടം ഉണ്ടാവുന്നത്. മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്റെ അപകടകരമായ നീക്കമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്. അര്‍ച്ചനയെ മുകളിലേക്ക് സോണി കയറ്റുമ്പോൾ ശിവകൃഷ്ണൻ ടോര്‍ച്ച് തെളിച്ച് കിണറിന്റെ കൈവരിയോട് ചേര്‍ന്ന് നിൽക്കുകയായിരുന്നു.
കൈവരി ഇടിയാനുള്ള സാധ്യത സംശയിച്ചാണ് അവിടെനിന്ന് മാറാൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.എന്നാൽ അയാൾ മാറാൻ കൂട്ടാക്കിയില്ല എന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. കൈവരിക്കൊപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇഷ്ടികയും മറ്റും വീഴുന്നത് സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു. ഒപ്പം ശിവകൃഷ്ണനും.
ആനക്കോട്ടൂരിൽ കഴിഞ്ഞരാത്രിയിൽ നടന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും നാട് ഇതുവരെയും മുക്തമായിട്ടില്ല. യുവതിയെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും മരണപ്പെട്ടത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
അർച്ചനയ്ക്കൊപ്പം രണ്ട് ദിവസം മുൻപ് എറണാകുളത്ത് നിന്നും എത്തിയ സുഹൃത്തുക്കളായ ചെറായി നടുമുറി വീട്ടിൽ അക്ഷയ്, സുഹൃത്ത് അഞ്ജന എന്നിവരും അപകടം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. അവർ ഇരുവരും ശിവകൃഷ്ണനും അർച്ചനയും തമ്മിലുണ്ടായ വഴക്കിനും തുടർന്നുണ്ടായ സംഭവങ്ങൾക്കും ദൃക്സാക്ഷികളാണ്.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ്. കുമാർ കിണറ്റിൽ ഉണ്ടായിരുന്ന കയർ ഉപയോഗിച്ച് യുവതിയെ രക്ഷപെടുത്തി പകുതി എത്തിയപ്പോഴേക്കും കിണറിന്റെ വശങ്ങൾ ഇടിഞ്ഞ് ഇരുവരുടെയും മുകളിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. അർച്ചനയെയും, ശിവകൃഷ്ണനെയും കൊല്ലത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് പുറത്തെടുക്കുന്നത്. അർച്ചനയുടെ മാതാവ് സമീപത്ത് ആണ് താമസിക്കുന്നത്. മിക്ക ദിവസങ്ങളിലും അർച്ചന മൂന്ന് മക്കളെയും മാതാവിനൊപ്പം നിർത്തിയിട്ട് ആണ് പുറത്ത് പോയിരുന്നത്. ദിവസങ്ങളോളം വൈകി ആയിരുന്നു അർച്ചനയുടെ മടങ്ങി വരവ്. ഇതിനെചൊല്ലി അർച്ചനയുമായി മാതാവ് സ്ഥിരമായി കലഹത്തിലേർപ്പെട്ടിരുന്നു.