ഊറാംവിളയിൽ സംരക്ഷണഭിത്തി നിർമാണം നിലച്ച നിലയിൽ
1560614
Sunday, May 18, 2025 6:24 AM IST
ചാത്തന്നൂർ:കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം ഊറാംവിളയിൽ ദേശീയപാതയുടെ തെക്കുഭാഗത്ത് നടന്നു വന്ന സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ നിലച്ചു. ഈ ഭാഗത്തെ റോഡിന് തറനിരപ്പിൽനിന്ന് 14 അടിയോളം ഉയരമുണ്ട്.
മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡ് ഉയർത്താൻ ഇട്ട മണ്ണ് ഒലിച്ചു പോവുകയും പുതുതായി നിർമിച്ച ഓട തകരുകയും ചെയ്തതോടെയാണ് സംരക്ഷണഭിത്തിനിർമാണം ആരംഭിച്ചത്.
40 മീറ്ററോളം നീളത്തിൽ ഭിത്തി വേണ്ടിടത്ത് 20 മീറ്ററോളം പണി കഴിഞ്ഞതോടെ നിർമാണം നിലയ്ക്കുകയായിരുന്നു. അവശേഷിക്കുന്ന ഭാഗം അഗാധമായ ഗർത്തമാണ്. ഇരുട്ടായാൽ ഈ ഭാഗം ആരുടെയും ശ്രദ്ധയിൽ വരില്ല.
വലിയ അപകടസാധ്യതയാണ് ഇവിടെ പതിയിരിക്കുന്നത്. അവശേഷിക്കുന്ന ഭാഗം കൂടി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ചാത്തന്നൂർ സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി.ദിവാകരൻ ആവശ്യപ്പെട്ടു.