ഇഞ്ചപ്പാറ കോട്ടപ്പാറയിൽ പുലി ആടിനെ കൊന്നു
1244568
Wednesday, November 30, 2022 11:02 PM IST
കലഞ്ഞൂർ: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പാറ കോട്ടപ്പാറയ്ക്കു സമീപത്തെ ജനവാസമേഖലയിലും പുലിയെത്തിയതായി പ്രദേശവാസികൾ. കോട്ടപ്പാറയ്ക്ക് സമീപത്തായുള്ള വീട്ടിലെ ആടിനെ പുലി പിടിച്ചുകൊണ്ടുപോയി കടിച്ചു കൊന്നശേഷം അവശിഷ്ടം സമീപത്തെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് ഇഞ്ചപ്പാറ മഠത്തിലേത്ത് ജോസിന്റെ വക പുരയിടത്തിൽ പുലിയെത്തി ആടിനെ പിടിച്ചുകൊണ്ടു പോയത്. ആടിനെ കൂട്ടിലിടാനായി എത്തിയ ജോസും ബന്ധുവും പുലി ആടിനെ കടിച്ചു കൊണ്ടുപോകുന്നത് കാണുകയും ചെയ്തതായി പറയുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ കോന്നിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കലഞ്ഞൂർ കുടപ്പാറയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനു പിന്നാലെയാണ് ഇപ്പോൾ ഇഞ്ചപ്പാറയിലും പുലിയെത്തിയതായി പ്രദേശവാസികൾ പറയുന്നത്. വിസ്തൃതമായ കോട്ടപ്പാറയിൽ പുലിക്കു കഴിയാൻ പറ്റുന്ന തരത്തിലുള്ള സ്ഥലങ്ങൾ ധാരാളമുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രദേശവാസികളുടെ ഭയമകറ്റാൻ പുലിയെ പിടികൂടാൻ കൂടും കാമറയും സ്ഥാപിക്കാൻ വനംവകുപ്പ് തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ചിറ്റാറിൽ വീണ്ടും കാട്ടാനശല്യം
ചിറ്റാർ: അള്ളുങ്കൽ ഡാം പരിസരത്ത് കഴിഞ്ഞദിവസങ്ങൾ കണ്ട കാട്ടാന വീണ്ടും പ്രദേശത്ത് നാശം വിതച്ചു. ചിറ്റാർ ചപ്പാത്തിനു തൊട്ടുസമീപംവരെ കാട്ടാന എത്തിയതായി പറയുന്നു. നിരവധി കൃഷിയടങ്ങളിൽ ഇതിനോടകം കാട്ടാന നാശം വിതച്ചു.