കാലാവധി തീരാൻ മാസങ്ങൾ; പഠനയാത്രയിൽ പറക്കോട് ബ്ലോക്ക്, ഏറത്ത് പഞ്ചായത്തംഗങ്ങൾ
1591941
Tuesday, September 16, 2025 1:07 AM IST
അടൂർ: ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ പറക്കോട് ബ്ലോക്ക് പഞ്ചായത്തിലേയും ഏറത്ത് ഗ്രാമപഞ്ചായത്തിലേയും അംഗങ്ങൾ പഠനയാത്രയ്ക്ക് പോയത് വിവാദത്തിൽ.
ഏറത്ത് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രണ്ട് ജീവനക്കാർ ഉൾപ്പെടെ 16 പേരാണ് പോയിരിക്കുന്നത്. പഞ്ചായത്തിൽ മൊത്തം 17 അംഗങ്ങളാണുള്ളത്. ഇതിൽ 14 പേരും യാത്രയ്ക്കു പോയിരിക്കുകയാണ്. മൂന്ന് പേർ ഒഴിവായി. ഏറത്ത് ഗ്രാമപഞ്ചായത്തിലെ സിപിഎം,കോൺഗ്രസ്,ബിജെപി അംഗങ്ങൾ യാത്രയിലുണ്ട്.
യുഡിഎഫ് അംഗങ്ങളായ മറിയാമ്മ തരകൻ, റോസമ്മ സെബാസ്റ്റ്യൻ, എൽഡിഎഫ് അംഗം സന്തോഷ് ചാത്തന്നൂപ്പുഴ എന്നിവരാണ് യാത്രയിൽ പോകാതിരുന്നത്. ബംഗളൂരു, മൈസൂരു തുടങ്ങി കർണാടകയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതാണ് ലക്ഷ്യം. ഒരാൾക്ക് 25000 രൂപയാണ് ചെലവ്. കിലയിൽ നിന്നാണ് യാത്രയ്ക്കുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്. യാത്ര, ഉച്ചഭക്ഷണം, താമസം എന്നിവ ഉൾപ്പെടെ ഒരാൾക്ക് പ്രതിദിനം പരമാവധി 5000 രൂപ നിരക്കിൽ അഞ്ച് ദിവസത്തേക്ക് 25000 രൂപയാണ് ആർജിഎസ്എ പദ്ധതി പ്രകാരം കിലയിൽ നിന്നും നല്കുന്നത്.
യാത്രാ സംഘത്തിലെ ആളുകളുടെ എണ്ണം 25 ൽ നിജപ്പെടുത്തിയിട്ടുണ്ട്. പ0ന യാത്രയ് ക്ക് കിലയിൽ നി ന്നും അനുവദിക്കുന്ന തുകയ്ക്ക് പുറമേ തനത് ഫണ്ടിൽ നിന്നും 50 ശതമാനം വരെ അധിക തുക ചെലവഴിക്കാനാകുമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഏറത്ത് പഞ്ചായത്ത് തനതുഫണ്ടിൽ നിന്നും പണം വേണ്ടിവരില്ലെന്നും സർക്കാർ ചട്ടങ്ങൾ പാലിച്ചാണ് യാത്രയെന്നും പ്രസിഡന്റ് രാജേഷ് അന്പാടിയിൽ പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ 15 അംഗങ്ങളിൽ പത്തു പേരാണ് യാത്രയിലുള്ളത്. ഹൈദ്രാബാദിലേക്കാണ് ഇവരുടെ യാത്ര. ഭരണസമിതിയുടെ അവസാനനാളുകളിലെ പഠനയാത്ര വിവാദമായിട്ടുണ്ട്. തിരികെ എത്തുന്പോഴേക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സമയമാകുമെന്നതിനാൽ പഠനയാത്രയിൽ ലഭിച്ച വിവരങ്ങൾ ആർക്കു കൈമാറുമെന്നതിലാണ് അവ്യക്തത.