ജൈവവൈവിധ്യ രജിസ്റ്ററിലേക്ക് വിവരങ്ങൾ കൈമാറി
1591955
Tuesday, September 16, 2025 1:08 AM IST
പത്തനംതിട്ട: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടത്തിവരുന്ന ഗവേഷണത്തിന്റെ ഭാഗമായി സ്വരൂപിച്ച നാട്ടറിവുകളും സസ്യവിവരണങ്ങളും ജില്ലയിലെ വിവിധ ജൈവ വൈവിധ്യ പരിപാലന സമിതികൾക്ക് കൈമാറ്റം ചെയ്തു തുടങ്ങി.
മല്ലപ്പുഴശേരി പഞ്ചായത്ത് കാര്യാലയത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫിന് മല്ലപ്പുഴശേരി പഞ്ചായത്തിലെ ജൈവവൈവിധ്യവും നാട്ടറിവുകളും കൈമാറിക്കൊണ്ടായിരുന്നുഉദ്ഘാടനം.
കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ ഉപയോഗിക്കുന്ന സസ്യ വർഗങ്ങളുടെ സംരക്ഷണത്തിനായിയും അറിവുകൾ സമാഹരിക്കുന്നതിനുമായാണ് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ഗവേഷണ പദ്ധതി അനുവദിച്ചിരിക്കുന്നത്.
സസ്യ ജാലകങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഏതനോബോട്ടാനിക്കൽ ഗാർഡൻ കാതോലിക്കേറ്റ് കോളജിൽ തയാറാകുന്നുണ്ട്. റാന്നി പെരുനാട്, ചിറ്റാർ പഞ്ചായത്തുകൾക്കും പത്തനംതിട്ട മുനിസിപ്പാലിറ്റിക്കും ഡാറ്റ കൈമാറും.
ചടങ്ങിൽ പ്രോജെക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.വി.പി. തോമസ്, ബോട്ടണി വിഭാഗം തലവൻ ഡോ.ബിനോയ് ടി.തോമസ്, പഞ്ചായത്ത് സെക്രട്ടറി ആർ.സുമാ ഭായി അമ്മ, ജൈവവൈവിധ്യബോർഡ് ജില്ലാ കോഓർഡിനേറ്റർ അരുൺ സി.രാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പി.നായർ, ബിഎംസി കൺവീനർ പി.കെ. ഉണ്ണികൃഷ്ണൻ, പിബിആർ കോഓർഡിനേറ്റർ നിരുപമാ രാജ്എന്നിവർ പ്രസംഗിച്ചു.