കോന്നി മെഡിക്കല്‍ കോളജില്‍ ആദ്യ കൺമണി പിറന്നു
1591952
Tuesday, September 16, 2025 1:08 AM IST
കോന്നി: കോന്നി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലേബര്‍ റൂമില്‍ ഇന്നലെ ചരിത്രം പിറവിയെടുത്തു. ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ കുഞ്ഞാണ് ഇന്നലെ ജനിച്ചത്.
പത്തനംതിട്ട സ്വദേശികളായ സിന്ദൂരി - വിഷ്ണു ദമ്പതികള്‍ക്കാണ് പെണ്‍കുഞ്ഞ് ജനിച്ചത്. സിസേറിയനിലൂടെയാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2020ൽ മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തുവെങ്കിലും ലേബർ റൂമും ശസ്ത്രക്രിയ സംവിധാനങ്ങളും പ്രവർത്തനക്ഷമമായത് കഴിഞ്ഞ മാസമാണ്. പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടം നവീകരണത്തിനായി അടച്ചപ്പോൾ അവിടെ പ്രവർത്തിച്ചിരുന്ന ഗൈനക്കോളജി വിഭാഗം മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ടിവന്നതോടെയാണ് നടപടികൾ വേഗത്തിലായത്.
മെഡിക്കൽ കോളജിൽ ആധുനിക സംവിധാനങ്ങളോടെ ലേബർ ബ്ലോക്ക് നിർമിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളും ഡോക്ടർമാരുടെ അഭാവവും കാരണം ഗർഭിണികൾക്ക് പ്രയോജനപ്പെടുത്താനായിരുന്നില്ല. 3.5 കോടി രൂപ ചെലവില്‍ നിർമിച്ച ലേബർ ബ്ലോക്കില്‍ അള്‍ട്രാസൗണ്ട്, മോഡുലാര്‍ ഓപ്പറേഷന് തിയറ്ററുകൾ, എല്‍ഡിആര്‍ സ്യൂട്ടുകള്‍, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
ആരോഗ്യമന്ത്രി വീണാ ജോർജ് മാതാപിതാക്കളെയും കുഞ്ഞിനെയും ജീവനക്കാരെയും ആശംസകൾ അറിയിച്ചു. ആദ്യ കുഞ്ഞിന്റെ വരവ് ജീവനക്കാരും ഡോക്ടർമാരും ചേർന്ന് ആഘോഷമാക്കി മാറ്റുകയും ചെയ്തു.