ഭക്ഷ്യസ്ഥാപനങ്ങളില്നിന്ന് പിഴ ഈടാക്കിയത് 4.27 ലക്ഷം
1591949
Tuesday, September 16, 2025 1:07 AM IST
പത്തനംതിട്ട: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ജില്ലയിലെ ഭക്ഷ്യസ്ഥാപനങ്ങളില്നിന്നു കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പിഴയായി ഈടാക്കിയത് 4,27,700 രൂപ.
ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വീഴ്ച കണ്ടെത്തിയവര്‍ക്കെതിരേയാണ് നടപടി. അനധികൃതമായി ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്മിക്കുന്നവരില്നിന്നു വിതരണം ചെയ്യുന്നവരില്നിന്നുമാണ് കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ കഴിഞ്ഞ ഒമ്പതുവരെ ഈടാക്കിയ തുകയാണിത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിവരുന്നത്. പിടിക്കപ്പെട്ടാല്‍ പിഴ ഈടാക്കുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്യും. ഇക്കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കോട്ടയം, തൃശൂര്‍ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.
വീട്ടില്‍ ഊണുകാരും കുടുങ്ങും
ജില്ലയില്‍ തട്ടുകടകള്‍ അടക്കമുള്ളവയാണ് കൂടുതലായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത്. സമീപകാലത്തായി ആരംഭിച്ചിട്ടുള്ള വീട്ടില്‍ ഊണ് ഭക്ഷണ ശാലകളും പരിശോധനയുടെ പരിധിയിലുണ്ട്. ഏതുതരം ഭക്ഷണം തയാറാക്കി വില്പന നടത്തിയാലും ലൈസന്‍സ് നിര്‍ബന്ധമാണ്. ചെറുകിട ഹോട്ടലുകൾ, ബേക്കറികള്‍ അടക്കം ലൈസന്‍സ് പുതുക്കാത്തവരും ഏറെയാണ്.
ദേശീയപാതയുള്‍പ്പെടെ എല്ലാ പ്രധാന റോഡുകളിലും അനധികൃത ഭക്ഷണ വില്പനകേന്ദ്രങ്ങള് പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം പാകംചെയ്ത് വാഹനങ്ങളില്കൊണ്ടുവന്നു നിശ്ചിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തു വില്പന നടത്തുന്നവരുടെ എണ്ണവും ഏറിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ചായയും ലഘുഭക്ഷണവുമായി വഴിയോരങ്ങളില്‍ വില്പന നടത്തുന്നവരുമുണ്ട്.
ജീവനോപാധി എന്ന നിലയിലാകും ഇവരുടെ പ്രവര്‍ത്തനമെങ്കിലും നിയമപരമായി അംഗീകരിക്കാനാകില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി. ഭക്ഷണം വില്‍ക്കാനുള്ള നിയമപരമായ അംഗീകാരമില്ലാത്തവരെ പിടികൂടി പിഴ ഈടാക്കുകയാണ് ചെയ്തുവരുന്നത്.
വഴിയോരങ്ങളിലും വീടുകളിലും തയാറാക്കി നല്കുന്ന ഭക്ഷണത്തിന് ബില്ലോ മറ്റ് നിയമപരമായ രേഖകളോ ഉണ്ടാകില്ല. ഇത്തരത്തില്‍ വാങ്ങുന്ന ഭക്ഷണം നിമിത്തം ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ പരാതിപ്പെടാനും പ്രയാസമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോട്ടലുകളിലും മറ്റും വില്‍ക്കുന്ന വിലയില്‍ താഴ്ത്തിയാണ് വഴിയോരങ്ങളിലെ വില്പന. വീടുകളിലും മറ്റും തയാറാക്കി നല്കുന്ന ഇത്തരം ഭക്ഷണത്തിനു ഗുണനിലവാരവും മെച്ചമായിരിക്കുമെങ്കിലും ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ശുചിത്വത്തിനും മാര്‍ക്ക്
ഇതിനുപുറമേ, കഴിഞ്ഞ നാലു മാസത്തിനിടെ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ മറ്റു 14 കേസുകളും ഭക്ഷ്യ സുരക്ഷാവകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശുചിത്വത്തില്‍ വീഴ്ച വരുത്തിയ ഹോട്ടലുകള്‍ അടക്കമുള്ളവയ്ക്കെതിരേയാണ് കേസ്. ഭക്ഷണശാലകളിലെ ശുചിത്വത്തെ സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധം. പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മയിലും വിട്ടുവീഴ്ച പാടില്ലെന്ന നിര്‍ദേശമാണ് പരിശോധനയ്ക്കെത്തുന്നവര്ക്കുള്ളത്.
സംശയം തോന്നുന്ന ഭക്ഷോത്പന്നങ്ങള്‍ ലാബുകളിലെത്തിച്ചു പരിശോധന നടത്തും.
വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ധിച്ചതോടെ മായം ചേര്‍ക്കലും വ്യാജന്മാരും വ്യാപകമാണെന്ന പരാതികളെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെ അമ്പതിടങ്ങളില്‍ ഇക്കാലയളവില്‍ വെളിച്ചെണ്ണ പരിശോധിച്ചെങ്കിലും കാര്യമായ തോതില്‍ വ്യാജ വെളിച്ചെണ്ണ കണ്ടെടുക്കാനായിട്ടില്ല.