അഗ്നിരക്ഷാ വകുപ്പ് ജീവനക്കാർക്ക് റോപ് റെസ്ക്യൂ പരിശീലനം
1591948
Tuesday, September 16, 2025 1:07 AM IST
പത്തനംതിട്ട: ജില്ലയിലെ അഗ്നിരക്ഷാ സേന പത്തനംതിട്ട, അടൂർ, കോന്നി നിലയങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 14 ജീവനക്കാരെ ഉൾപ്പെടുത്തി റോപ് റെസ്ക്യൂ പരിശീലനം അഗ്നിരക്ഷാവകുപ്പ് ജില്ലാ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ചു.
കോന്നി ചെങ്കളത്ത് ക്വാറിയിൽ ദുരന്തം ഉണ്ടായപ്പോൾ ഫയർഫോഴ്സിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. ഈ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടായാൽ കൈകാര്യം ചെയ്യുന്നതിന് ജില്ലയിൽ തന്നെ പൂർണസജ്ജമായ ഒരു ടീം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ വിവിധ നിലയങ്ങളിൽ നിന്നും ജീവനക്കാരെ ഉൾപ്പെടുത്തി പരിശീലനം നൽകുന്നതെന്ന് ജില്ലാ ഓഫീസർ വിശി വിശ്വനാഥ് അറിയിച്ചു.
കുറഞ്ഞത് 50 പേരടങ്ങുന്ന ടീമിനെ പരിശീലനം നൽകി സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിനാണ് പരിശീലനച്ചുമതല.
കോന്നി സ്റ്റേഷൻ ഓഫീസർ എസ്.കെ. സന്ദീപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഖിൽ, രമാകാന്ത് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് വനിതകളടക്കം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.