തീർഥാടകരോടുള്ള അവഗണന; മുഖ്യമന്ത്രിയുടെ പകവീട്ടലെന്ന വത്സൻ തില്ലങ്കേരി
1246309
Tuesday, December 6, 2022 10:31 PM IST
പത്തനംതിട്ട: ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ അടിത്തറ തകർത്ത അയ്യപ്പ വിശ്വാസികളോടു മുഖ്യമന്ത്രി പിണറായി വിജയൻ പക വീട്ടുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി.
ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വീഴ്ചവരുത്തുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഒരു സേവന പ്രവർത്തനവും നടത്താൻ അനുവദിക്കാതെ ഭക്ത സംഘടനകളെ സർക്കാരും ദേവസ്വം ബോർഡും അകറ്റി നിർത്തുകയാണ്.
കോവിഡിനുശേഷം ഭക്തജനത്തിരക്കുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും സർക്കാരും ബോർഡും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും തില്ലങ്കേരി പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷൻ എം. മോഹനൻ, വൈസ് പരസിഡന്റ് മല്ലപ്പള്ളി കൃഷ്ണൻനമ്പൂതിരി, അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി. കെ. വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി പി.സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.