കൈപ്പട്ടൂര്‍ വാഹനാപകടം; റോഡ് സുരക്ഷ കൗൺസിൽ സ്ഥലപരിശോധന നടത്തും
1262471
Friday, January 27, 2023 10:31 PM IST
പത്തനംതിട്ട: അടൂര്‍ റോഡില്‍ കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്സചര്‍ ലോറി സ്വകാര്യ ബസിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ അടിയന്തര സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ടിഒയക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അപകട നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സുരക്ഷയ്ക്കുവേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പോലീസ്, ഫയര്‍ഫോഴ്സ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ കളക്ടറും ഡിഎംഒ ഡോ. എല്‍. അനിതാ കുമാരിയും സന്ദര്‍ശിച്ചു.