മാലിന്യശേഖരണം: ഹരിതകർമ സേനയ്ക്കൊപ്പം ജില്ലാ കളക്ടറും
1283204
Saturday, April 1, 2023 10:46 PM IST
പത്തനംതിട്ട: ഹരിതകര്മസേനാംഗങ്ങള്ക്കൊപ്പം മാലിന്യശേഖരണത്തിന് ജില്ലാ കളക്ടറും രംഗത്തിറങ്ങി. മൈലപ്ര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഹരിതകർമസേനാംഗങ്ങള്ക്കൊപ്പം സന്ദര്‍ശനം നടത്തിയത്. തങ്ങളുടെ കൂട്ടത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയപ്പോള്‍ ഹരിതകർമസേനാംഗങ്ങള്‍ക്കും ആവേശമായി.
മാലിന്യശേഖരണത്തിനായി മാസത്തിലൊരിക്കല്‍ വീടുകളിലെത്തുന്ന സേനാംഗങ്ങള്‍ക്കു മാലിന്യങ്ങള്‍ തരംതിരിച്ചു നല്‍കണമെന്നു കളക്ടർ നിർദേശിച്ചു. ഹരിതകര്‍മസേനയുടെ കാര്‍ഡുകളിലോ ക്യുആര്‍ കാര്‍ഡ് സഹിതമുള്ള ഹരിതമിത്രം ആപ്പിലോ മാലിന്യശേഖരണത്തിന്റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും യൂസര്‍ഫീ നല്‍കണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്കി ശുചിത്വ ജില്ലയായി പത്തനംതിട്ടയെ മാറ്റണമെന്നും കളക്ടര്‍ പറഞ്ഞു.
മൈലപ്ര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിനു പുറമേ പത്തനംതിട്ട മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡിലെ കടകളിലും ഹരിതകർമസേനാംഗങ്ങള്ക്കൊപ്പം ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മൈലപ്ര ആറാം വാര്‍ഡംഗം ശോശാമ്മ, എട്ടാം വാര്‍ഡംഗം സാജു മണിദാസ്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിസ റഹ്മാന്, ജില്ലാ ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ അതുല്‍ സുന്ദര്‍, സോഷ്യല്‍ എക്സ്പേര്‍ട്ട് എം.ബി. ശ്രീവിദ്യ, മോണിറ്ററിംഗ് എക്സ്പേര്‍ട്ട് ലക്ഷ്മി പ്രിയദര്‍ശിനി, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ ആതിര വിജയന്, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.