ടിക്കറ്റിതര വരുമാനത്തിലൂടെ കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കും: മന്ത്രി ഗണേഷ് കുമാർ
1457953
Tuesday, October 1, 2024 4:41 AM IST
പത്തനംതിട്ട: ടിക്കറ്റിതര വരുമാനത്തിലൂടെ കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിലിനോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ മൂന്നു മാസത്തിനുള്ളിൽ വാടകയ്ക്ക് കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.
പല ഡിപ്പോകളിലും കടമുറികൾ വാടകയ്ക്കു നൽകാനുണ്ട്. എഗ്രിമെന്റ് എഴുതി തുക വാങ്ങിയവയാണ് ഏറെയും. സാങ്കേതികമായ കാരണങ്ങളും കെട്ടിടനമ്പർ ലഭിക്കാത്തതുമാണ് തടസം. ഇതെല്ലാം മൂന്നുമാസത്തിനുള്ളിൽ പരിഹരിക്കും. കൊറിയർ സർവീസ് വീടുകൾ വരെയെത്തും. ചീഫ് ഓഫീസിലെത്തുന്ന ഫയലുകളിൽ അഞ്ചു ദിവസത്തിനകം തീരുമാനം എടുക്കാത്ത ജീവനക്കാരെ സീറ്റുകളിൽ നിന്ന് മാറ്റും.
90 ശതമാനം ഡിപ്പോകളും നഷ്ടമില്ലാതെ പ്രവർത്തിക്കുകയാണ്. വരുമാനചോർച്ച അവസാനിപ്പിച്ചു വരികയാണ്. അനാവശ്യമായ ഓടിയ നാലര ലക്ഷം കിലോമീറ്ററുകൾ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷത്തേക്കാൾ നാല് ലക്ഷം യാത്രക്കാർ കെഎസ്ആർടിസിയിൽ കൂടി. മലയോര മേഖലയിലേക്ക് ചെറിയ ബസുകളുടെ സർവീസ് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് സി.കെ ഹരികൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, സിഐടിയു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ്, സെക്രട്ടറി പി.ബി. ഹർഷകുമാർ, സിപിഎം ഏരിയ സെക്രട്ടറി എം.വി. സഞ്ജു, അസോസിയേഷൻ ഭാരവാഹികളായ സുനിതാ കുര്യൻ, മണി ബാലചന്ദ്രൻ, ജി. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്ആർടിസിയെ സ്വയംപര്യാപ്തതയിലെത്തിക്കാൻ തൊഴിലാളികൾ മുന്നോട്ടു വരണമെന്ന്
പത്തനംതിട്ട: കെഎസ്ആർടിസിയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് പത്തനംതിട്ടയിൽ നടന്ന കെഎസ്ആർടിഇഎ (സിഐടിയു) വാർഷിക ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.
പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.കെ. ഹരികൃഷ്ണൻ, സുനിതാ കുര്യൻ, പി. ജെ. അജയകുമാർ, കെ. സി. രാജഗോപാലൻ, കെ. അനിൽകുമാർ, പി.ബി. ഹർഷകുമാർ, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്ത് 16 ജില്ലാ കമ്മിറ്റികളിൽനിന്നായി 280 പ്രതിനിധികൾ ജനറൽ കൗൺസിലിൽ പങ്കെടുത്തു.